2015 മേയ് 16, ശനിയാഴ്‌ച

രഹസ്യം

നിനക്ക് മുന്നില് ഞാനും
എനിക്ക് മുന്നില് നീയും
നഗ്നരായി...
രണ്ടു ഹൃദയങ്ങളും മലർക്കെ തുറന്നു..
നമുക്കിടയിൽ ഒളിച്ചുവെക്കുവാൻ
ഒന്നും ബാക്കിയുണ്ടായിരുന്നില്ല....
നമ്മുടെ പ്രണയമൊഴിച്ച്.....

2014 ഓഗസ്റ്റ് 13, ബുധനാഴ്‌ച

മൂത്രക്കല


മുനയുള്ള ഒരു കല്ല്‌,
അല്ലെങ്കിൽ നല്ല പച്ചയുള്ള ഒരു ചെടിയുടെ ഇല,
അല്ലെങ്കിൽ ഒരു ഇഷ്ടിക കഷണം ,
അതുമല്ലെങ്കിൽ ഒരു കോമ്പസ്.....

ഉപകരണം ഏതായാലും
മാധ്യമം ചുവരാണ്. 
വെള്ള കുമ്മായം പൂശിയ ,
അല്ലെങ്കിൽ മഞ്ഞ ഡിസ്റ്റംമ്പറോ ,
പെയിന്റൊ അടിച്ച ,
പോളിഞ്ഞിളകുന്ന  ഒരു ചുമർ ...

ഒരു കൈകൊണ്ട് മൂക്കുപൊത്തി,
മറുകയ്യാൽ നടത്തുന്ന ,
വളരെ ശ്രമകരമായ സൃഷ്ടി .....

അവൻ + അവൾ 
പിന്നെ ഒരു ഹൃദയചിഹ്നം ,
കുറച്ച് അശ്ലീലം ,
ക... മ... പു... ശബ്ദതാരാവലിയിലില്ലാത്ത ചില പദങ്ങൾ ....
ഫോണ്‍ നമ്പരുകൾ ...
പേരുകൾ ,
വിപ്ലവചിന്തകൾ ,
കവിതാശകലങ്ങൾ ,
ഗുഹാകാലഘട്ടത്തെ അനുസ്മരിപ്പിക്കുംവിധമുള്ള ചിത്രപ്പണികൾ .......

എത്രയൊക്കെ മായ്ച്ചുകളഞ്ഞാലും ,
വീണ്ടും വീണ്ടും പ്രത്യക്ഷപ്പെടുന്ന 
വികലസൃഷ്ടികൾ .......

ബസ്സ്സ്റ്റാന്റുകൾ ,
ട്രെയിനുകൾ ,
സ്കൂൾ, കോളേജ് ,
സിനിമാകൊട്ടക ,
ആളൊഴിഞ്ഞ ഗലികൾ ....

വെറുതെ വിട്ടൂടെ 
നമ്മുടെ മൂത്രപ്പുരകളെ ...?
അതോ ഇനി ,
മൂത്രവും കലയുമായി വല്ല ബന്ധവുമുണ്ടോ......?

2014 ജൂലൈ 15, ചൊവ്വാഴ്ച

ഉന്നം തെറ്റിയ പടയാളി

മഞ്ഞക്കളറുള്ള ആ പുസ്തകത്തിൻറെ അവസാനത്തെ പേജിൽ,
ഒരു പടയാളിയുണ്ടായിരുന്നു.
കാഴ്ചയ്ക്ക് ഭേദപ്പെട്ട സൗന്ദര്യമുള്ള ,
ഒരുപാട് കഴിവുകളുള്ള ഒരു നല്ല പടയാളി.

പടയാളിയുടെ ലക്ഷ്യങ്ങൾ വളരെ വലുതായിരുന്നു.
എന്നാൽ, അവയെല്ലാം പലയിടത്തായി ചിന്നിച്ചിതറിക്കിടക്കുകയായിരുന്നു.

 മഞ്ഞക്കളറുള്ള ആ പുസ്തകത്തിൻറെ,
മുപ്പത്തിഒമ്പതാമത്തെ  പേജിൽ,
ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു.
ഒരിക്കലും കണ്ടിട്ടില്ലെങ്കിലും ,
പടയാളിക്കു ഏറെ  ഇഷ്ട്ടമുള്ള ഒരു പെണ്‍കുട്ടി.

പുസ്തകാവസാനം ഈറനണിയുന്ന,
വായനക്കാരൻറെ കണ്ണിലൂടെ,
പടയാളി അവളെ അറിഞ്ഞിരുന്നു.

അവൾക്കുവേണ്ടി പടയാളി ഒരു പ്രണയാസ്ത്രമെടുത്തു  കുലച്ചു.

മഞ്ഞക്കളറുള്ള ആ പുസ്തകത്തിൻറെ,
ആദ്യത്തെയും അവസാനത്തെയും രണ്ടു പേജുകൾ,
ചേർത്ത് പൊതിഞ്ഞ്,
സ്റ്റാപ്ലെർ അടിക്കപ്പെട്ടു.....

2013 നവംബർ 8, വെള്ളിയാഴ്‌ച

വല്ലാത്ത ധൈര്യം തന്നെ അനക്ക് ......


ഒരു മരത്തിലങ്ങ് തൂങ്ങിയാടിയാലോ എന്ന് തോന്നാറുണ്ട് ചിലപ്പോൾ ,

കണ്ണ് തുറിക്കുന്നതും നാക്ക്  ചാടുന്നതുമോര്ത്തു 
എനിക്കുതന്നെ പേടിയാണ് ....


എന്നാപ്പിന്നെ തലവെക്കാമെന്നു വിചാരിച്ചു....
തീവണ്ടിയുടെ ശബ്ദം കേട്ടപ്പോഴേക്കും ഞാനോടി.....

കുരുടാൻ പഴത്തിൽ വച്ചുതിന്നാനും , 
കടലിൽ  ചാടാനും , മണ്ണെണ്ണയിൽ കുളിക്കാനും നിർദേശങ്ങൾ കിട്ടി..

ആത്മഹത്യക്കാരെ സമ്മതിക്കണം...
ഇതിലേതായാലും നമ്മളുതന്നെ ചെയ്യണ്ടേ......

2012 സെപ്റ്റംബർ 13, വ്യാഴാഴ്‌ച

ഗത്സെമെനി


എനിക്കുനല്‍കാന്‍ നിന്‍കയ്യില്‍ 
സമയമില്ലെന്നാകിലുമൊട്ടും-
വ്യഥകൂടാതെയിരിപ്പൂ ഞാനീമലയില്‍, 
രാവിതുപുലരുവോളവും 

2012 ഓഗസ്റ്റ് 23, വ്യാഴാഴ്‌ച

2012 മേയ് 23, ബുധനാഴ്‌ച

ഒരു റെയില്‍വേ ഗൈറ്റിന്റെ ഓര്‍മയ്ക്ക്



ആഖോഷത്തിമിര്‍പ്പിലായിരുന്നു നിങ്ങള്‍ !
നിങ്ങളുടെ മിമിക്രിയും ഗാനമേളയും ഗംഭീരമായിരുന്നു
ചെവിതുളക്കുന്ന വാദ്യകൊലാഹലങ്ങളുടെയും
ചിരിപൊട്ടിക്കുന്ന മാലപ്പടക്കങ്ങളുടെയുമിടയില്‍
ഞാന്‍ കണ്ണീര്‍ വാര്‍ക്കുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിരിക്കില്ല

എത്രയോപേരുടെ പ്രാക്ക് ഞാന്‍ കേട്ടു!
എന്‍റെ നെഞ്ചിലൂടെ കടന്നു പോയവരില്‍
എന്നെ ശപിക്കാത്തത് മൃഗങ്ങള്‍ മാത്രം
മഞ്ഞയും കറുപ്പും ഇടകലര്‍ന്ന എന്‍റെ
ശരീരം മാത്രമേ നിങ്ങള്‍ കണ്ടുള്ളൂ
കുതിരാനില്‍ മണ്ണിടിഞ്ഞു കിടക്കുമ്പോള്‍
പാണ്ടിലോറികള്‍ വരെ എന്നെ പ്രാകി

നിങ്ങള്‍ക്കുവേണ്ടി ഓരോ പ്രാവശ്യവും
ഞാനുയര്‍ന്നുതാഴുമ്പോള്‍
എന്‍റെ അധ്വാനം നിങ്ങള്‍ അവഗണിച്ചു
ലക്ഷ്യത്തിലെത്താനുള്ള തിരക്കായിരുന്നു എല്ലാവര്‍ക്കും

നേരം വൈകുമ്പോള്‍ നിങള്‍ എന്നെ ചേര്‍ത്തു
നുണകള്‍ മെനഞ്ഞു
തിരക്ക് കൂടുമ്പോള്‍ ക്ഷമയില്ലാതെ എത്രയോ പേര്‍
എന്‍റെ ദുര്‍ബലമായ നടുവിനിടിച്ചു!

വടക്കാഞ്ചേരിയുടെ ശാപമായി നിങ്ങളെനിക്കു
കുപ്രസിദ്ധി നേടിത്തന്നു

ഒരു നൂറ്റാണ്ട് മുഴുവനും
പുകതുപ്പിക്കൊണ്ട് പോകുന്ന തീവണ്ടിക്കടിയില്‍ പെടാതിരിക്കുവാന്‍
ഞാന്‍ നിങ്ങള്‍ക്കു മുന്നില്‍ വിലങ്ങുതടിയായി!
നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്കു ഞാന്‍ അപകടസൂചനയായി
എന്‍റെ ത്യാഗത്തിനു നിങ്ങള്‍
ആവോളം എന്നെ തെറിവിളിച്ചു

ഇനി ഞാന്‍ അനാഥനായിരിക്കുന്നു
ഇരുമ്പുദണ്ടുകള്‍ ചേര്‍ത്തെന്റെ കവാടം നിങ്ങള്‍ കൊട്ടിയടച്ചു
എന്‍റെ അദ്ധ്വാനങ്ങള്‍ ഇവിടെ അവസാനിക്കുന്നു

എന്നോടൊപ്പം ദുഖിക്കുവാനുമുണ്ട് ചിലര്‍
എന്നെ ആശ്രയിച്ചു പൊരിവെയിലത്തും, തോരാമഴയത്തും
ലോട്ടറി ടിക്കറ്റു വിറ്റിരുന്നവര്‍,
നിങ്ങള്‍ക്കുമുന്നില്‍ ഇരന്നു ജീവിച്ചിരുന്ന ഭിക്ഷക്കാര്‍,
എന്നോടൊപ്പം ഉറങ്ങുകയും ഉണരുകയും ചെയ്തിരുന്ന
പെട്ടിക്കടക്കാര്‍.....
എന്നോടൊപ്പം അവരും ഓര്‍മയാകുന്നു 

എങ്കിലും ഈരാത്രിയിലും ചിലര്‍ വന്നിരുന്നു
എന്‍റെ കണ്ണീര്‍ തുടക്കുവാന്‍
എന്നെ ചുംബിച്ചവനെ നിനക്ക് നന്ദി
അവസാനമായി......................................
വിട................!!

                                                   എന്ന് സ്വന്തം,
                                                വടക്കാഞ്ചേരി റെയില്‍വേ ഗേറ്റ്
                                                           ഒപ്പ്