ഇരുട്ട് വെളിച്ചത്തിനേക്കാള്‍ നല്ലതല്ലായിരിക്കാം , പക്ഷെ ഈ വെളിച്ചമില്ലായിരുന്നെങ്കില്‍ എന്ന് , ഒരിക്കലെങ്കിലും നീ ആഗ്രഹിച്ചിട്ടില്ലേ ?...
2022 നവംബർ 2, ബുധനാഴ്‌ച
അമ്പിളിക്കുഞ്ഞ്
2018 മേയ് 27, ഞായറാഴ്‌ച
ഐവിൻ
വടക്കാഞ്ചേരിയിൽ നിന്നും തിങ്കളാഴ്ച്ച പുറപ്പെട്ടതാണ് ഞാൻ. ബാംഗ്ലൂരും കണ്ണൂരും സർവീസ് ഉണ്ടായിരുന്നു. ബാംഗ്ലൂർ എന്നാ മഹാനഗരവും ചുറ്റിത്തിരിഞ്ഞു കണ്ണൂരിലുണ്ടായിരുന്ന പണിയും തീർത്തു നിർവികാരതയോടെ ഓടുന്ന ഒരു യന്ത്രം കണക്കെ ഞാൻ വടക്കാഞ്ചേരിയിലേക്ക് തീവണ്ടി കയറി.
തിരക്ക് കുറവാണ്. ഫോണിൽ സുഡോക്കു കളിച്ചു കൊണ്ടിരിക്കുകയാണ്
ഞാൻ. അക്കങ്ങൾ എനിക്കു പിടി തരാതെ ബെർത്തിലും സീറ്റിനടിയിലും ഓടി നടക്കുന്നു. പതിയെ പതിയെ ഒരു കൊച്ചു തല എന്റെ ഫോണിനരികിലേക്ക് നീങ്ങി വന്നു. അമ്മ കാലുകൊണ്ട് വട്ടംചുറ്റിപ്പിടിച്ച് ഇൻസൈഡ് ചെയ്യിപ്പിച്ച, നിറയെ പടങ്ങളുള്ള ജീൻസും, ചെക് ഷർട്ടുമിട്ട ആ തല എന്റെ തലയുമായി പതുക്കെ കൂട്ടിയിടിച്ചു.
"ചേട്ടായി എന്നാ, ഗെയിമുകളിക്കുവാണോ?" പതുക്കെചിരിച്ചു കൊണ്ട് ഞാനവനെ നോക്കി. "ഇതെന്നാ ഗെയിമാ?" അടുത്ത ചോദ്യം. അതു നിനക്കു മനസ്സിലാക്കാൻ പ്രായമായിട്ടില്ല എന്നു ഞാനവനോടു പറഞ്ഞു.
കുറച്ചു നേരം ഞാൻ അക്കങ്ങളുമായി ഗുസ്തി പിടിക്കുന്നത് അവൻ നോക്കിനിന്നു. ഒന്നും മനസ്സിലാകാതെ വന്നപ്പോൾ അവൻ തന്റെ പപ്പയുടെ അടുത്തേക്കു നീങ്ങി.
അങ്ങനെയിരുന്നു ഞാൻ പതുക്കെ മയങ്ങി.
പിന്നീട് ഉണർന്നപ്പോൾ വീണ്ടും ഞാൻ അക്കങ്ങളുമായി മത്സരം തുടങ്ങി. അപ്പോൾ എനിക്കു മുന്നിൽ അവനും പപ്പയും ഉണ്ടായിരുന്നില്ല. എതിർ സീറ്റിൽ ഒരു മദ്ധ്യവയസ്ക്കൻ ഇല നിവർത്തി ചപ്പാത്തിയിലേക്ക് കുറുമയൊഴിക്കുന്നു. അങ്ങനെയിരിക്കുമ്പോൾ മുകൾ ബെർത്തിൽ നിന്നും രണ്ടു കൊച്ചു കാലുകൾ താഴേക്കു വന്നു. നമ്മുടെ നായകനാണ്. ജനലിൽ ചവിട്ടി താഴെയിറങ്ങാനുള്ള ശ്രമമാണ്. ഞാനവനെപ്പിടിച്ച് താഴെയിറക്കി അവൻ പോയി മൂത്രമൊഴിച്ചു വന്നു. എനിക്കെതിർവശത്തിരുന്ന അവന്റെ പപ്പയുടെ സീറ്റിലാണ് നമ്മുടെ മദ്ധ്യവയസ്ക്കൻ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നത്. ജനൽ സീറ്റ് പോയതിൽ വിഷണ്ണനായ അവനെ ഞാൻ എന്റെ അടുത്തിരുത്തി. ഞാൻ കളിക്കുന്നത് അവൻ ആകാംഷയോടെ നോക്കിയിരുന്നു.
'' എവിടേക്കാ പോകുന്നേ" ?
"തിരുവനന്തപുരത്തിനു പോകുവാ. ആൻറിടെ വീട്ടിലോട്ട്.. " കോട്ടയം ചുവയുള്ള മറുപടി. പേര് ഐവിൻ. കണ്ണൂർ, കുടിയാൻമലയിൽ ആണ് അവന്റെ വീട്. മൂന്നാം ക്ലാസിൽ പഠിക്കുന്നു. അവനെക്കൂടാതെ അനിയനും അനിയത്തിയും ഉണ്ട്. പപ്പയ്ക്ക് ഇന്റർലോക്ക് കട്ടയുടെ പണിയാണ്...
ഞങ്ങൾ തമ്മിൽ ഒരു സൗഹൃദം വളരുകയായിരുന്നു..
മൈാബൈലിലെ ക്രിക്കറ്റ് ഗെയിം ഞാനവനു കളിക്കാൻ കൊടുത്തു. അൽപ നേരം കൊണ്ട് അവൻ കളിയിൽ വിധഗ്ധനായി. അവന്റെ പിതാവ് മുകളിലെ ബർത്തിൽ ഗാഢനിദ്രയിലായിരുന്നു.
"തിരുവനന്തപുരത്ത് ആന്റിയുടെ വീട്ടിൽ പോകുവാ എന്ന് ഞാൻ ചേട്ടായിയോടു കള്ളം പറഞ്ഞതാ.. " എന്നെ വിശ്വസിക്കാൻ കൊള്ളാമെന്നവനു തോന്നിയിരിക്കണം.
ഞാൻ അവനിലേക്ക് ചാഞ്ഞ് ബാക്കി കേൾക്കാൻ തയ്യാറായി.
"ഞങ്ങളവിടെ ചെക്കപ്പിനു പോകുവാ, അസീസിയിലോട്ട്... "
എന്റെ ഉള്ളിലാകെ ഒരു കാർമേഘം വന്നു മൂടി..
ആർക്കാടാ ചെക്കപ്പെന്നു ചോദിച്ചപ്പോൾ അവൻ പറഞ്ഞു, തനിക്കു തന്നെയാണെന്ന്..
ഒരു നിമിഷം മരണത്തോട് ചേർന്നിരിക്കുന്നത് പോലെയാണ് എനിക്കു തോന്നിയത്...
അത് അസീസിയല്ല ആർ.സി.സിയാണെന്ന് (റീജനൽ ക്യാൻസർ സെന്റർ) എനിക്കു മനസ്സിലായി. സന്ദർഭം ലഘൂകരിക്കാൻ ഒരു ചിരി വരുത്തി ഏതോ നിസ്സാര കാര്യം തിരക്കുന്നതു പോലെ ഞാനവനോടു ചോദിച്ചു.
" അതിനു നിനക്കെന്താടാ അസുഖമെന്ന്..."
അവൻ പതുക്കെ എന്നോട് ചേർന്നിരുന്നു കൊണ്ട് ചുറ്റും നോക്കി. എന്നിട്ട് ഒരു പുഞ്ചിരിയോടെ എന്റെ ചെവിയിൽ പറഞ്ഞു..
"എനിക്കേ.. ബ്ലഡ് കാൻസറാ.."
സഹതാപത്തിന്റെ ഒരു നോട്ടം കൊണ്ടു പോലും അവനെ വേദനിപ്പിക്കരുതെന്ന് ഞാൻ എന്നോടു തന്നെ പറഞ്ഞു. ഉള്ളിൽ പൊള്ളിക്കൊണ്ട് ഞാനവനെ നോക്കി ചിരിച്ചു... "അത്രേയുള്ളോ... ദിദൊക്കെ എന്ത്..." സലിം കുമാർ സ്മൈലിയുമിട്ട് ഞാനവനെ എന്നിലേക്ക് ചേർത്തു. കീമോതെറാപ്പി കഴിഞ്ഞിരുന്നു. ഞണ്ടുകളുമായുള്ള പോരാട്ടത്തിന്റെ അവസ്ഥാന്തരങ്ങൾ വിലയിരുത്തുവാനാണ് ഈ യാത്ര.. ഫലം ശുഭകരമായിരിക്കട്ടെ എന്നു ഞാൻ പ്രാർത്ഥിച്ചു.
കളി ചിരികൾക്കിടയിൽ ട്രെയിൻ ഷൊർണ്ണൂരെത്താറായി. അവൻ മുകളിലേക്കു കയറാനൊരുങ്ങി. ചോദിച്ചപ്പോൾ ചെറുക്കനൊരു പരുങ്ങൽ. ഞാൻ നിർബന്ധിച്ചപ്പോൾ തെല്ലു നാണത്തോടെ അവനെന്റെ ചെവിയിൽ കാര്യം പറഞ്ഞു, അവനു ടൊയ്ലെറ്റിൽ പോണം. മുകളിലേക്കു കയറി ഏറെ നേരത്തിനു ശേഷം അവൻ താഴെയിറങ്ങി. "ചേട്ടായീ പപ്പ എണീക്കുന്നില്ല." ഞാൻ എഴുന്നേറ്റ് കുലുക്കി വിളിച്ചപ്പോൾ അയാൾ എഴുന്നേറ്റു. വാടിയ മുഖവും കുഴിഞ്ഞ കണ്ണുകളുമുള്ള ഒരു മനുഷ്യൻ. അവർ രണ്ടാളും കൂടി ടൊയ്ലറ്റിൽ പോയി.
വണ്ടി ഷൊർണ്ണൂരിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. ഒന്നുനടുനിവർത്താനായി ഞാനും പുറത്തേക്കിറങ്ങി. വാതിലിനോടു ചേർന്നുള്ള ടോയ്ലെറ്റിനുള്ളിൽ നിന്ന് അവന്റെ ശബ്ദം. ഞാൻ കാതോർത്തു. എന്നെപ്പറ്റിയാണ്...
ആറു മണിക്കൂറോളം നീണ്ടയാത്ര. എന്നിലുണ്ടായിരുന്ന സ്നേഹത്തിന്റെ അവസാന കണം വരെ ഞാൻ അവനു സമർപ്പിച്ചു. ഒപ്പം എന്റെ കൂളിങ്ങ് ഗ്ലാസും. അവന്റെ മമ്മിയുടെയും പപ്പയുടെയും നമ്പർ എനിക്കു തന്നു.
ഏഴു വർഷത്തോളം കഴിഞ്ഞിരിക്കുന്നു. അവനിപ്പോൾ പത്താം ക്ലാസ്സിലേക്കു പോകാനുള്ള തയ്യാറെടുപ്പിലായിരിക്കണം. അങ്ങനെ വിശ്വസിക്കാനാണ് എനിക്കിഷ്ടം. പല തവണ ആ നമ്പർ ഡയൽ ചെയ്തതാണ്. ഓരോ പ്രാവശ്യവുമൊടുവിൽ ഞാൻ അതു വേണ്ടെന്നു വയ്ക്കും. അപ്പുറത്തു നിന്നുള്ള ഒരു പൊട്ടിക്കരച്ചിലോ, ഒരു നെടുവീർപ്പോ പോലും എന്റെ ഹൃദയം തകർക്കും. വടക്കാഞ്ചേരി സ്റ്റേഷനിൽ നിന്നും ട്രെയിൻ വിട്ടു പോകുമ്പോൾ, കണ്ണിൽ നിന്നും മറയുന്നതു വരെ, ജനലിലൂടെ പുറത്തേക്കു നീട്ടി വീശിയിരുന്ന ആ കുഞ്ഞുകൈകളും, ചേട്ടായീ എന്നുള്ള അവന്റെ വിളിയും, ഇന്നും നിറം മങ്ങാത്ത ഓർമ്മകളാണ്.
2018 മേയ് 9, ബുധനാഴ്‌ച
"നാളെയീ പീതപുഷ്പങ്ങൾ കൊഴിഞ്ഞിടും,
പാതയിൽ നിന്നെത്തിരഞ്ഞുറങ്ങും... "
രാവിലെ വണ്ടിയിൽ കയറിയപ്പോൾ കേട്ട പാട്ടാണ്. രണ്ടു സെക്കന്റിനുള്ളിൽ മൂഡ് മൊത്തം മാറിപ്പോയി. അതിലെ വരികളും, ആ പെൺകുട്ടിയുടെ ശബ്ദവുമെല്ലാം ചേർന്ന് എന്റെയുള്ളിൽ വീണ്ടും പ്രണയം നിറച്ചു. അല്ല... പ്രണയത്തെ ഉണർത്തി എന്നു പറയുന്നതാണ് കൂടുതൽ ശരി...
പ്രണയം.. അതെപ്പോഴും അവിടെയുണ്ടായിരുന്നു. ഇനി ഉണ്ടായിരിക്കയും ചെയ്യും. അതില്ലാതെ ഞാനില്ല. അതൊരിക്കലും ഏതെങ്കിലുമൊരു വ്യക്തിയേയോ വസ്തുവിനേയോ കേന്ദ്രീകരിച്ചു കറങ്ങുന്ന കുറ്റിയിൽ കെട്ടിയ പശുവല്ല. അനന്തവിഹായസ്സിൽ പാറിപ്പറക്കുന്ന സ്വതന്ത്രയായ പറവയാണ്. സചേതനവും അചേതനവുമായവയേയെല്ലാം പ്രേമിക്കാൻ പഠിപ്പിക്കുന്ന പ്രകൃതിയുടെ വിളിയാണ്....
2018 ഏപ്രിൽ 23, തിങ്കളാഴ്‌ച
കുതിരകളെ മേയ്ക്കുന്ന പെൺകുട്ടി
ഞാനൊരു ചിത്രം വരയ്ക്കുകയായിരുന്നു...
മഞ്ഞു പെയ്യുന്ന താഴ്‌വരയിൽ കുതിരകളെ മേയ്ക്കുന്ന,
ഒരു കൊച്ചു പെൺകുട്ടി.
ഇനിയും പൊഴിഞ്ഞിട്ടില്ലാത്ത പാൽ പല്ലുകൾ കാട്ടി,
അവൾ കുതിരകളോട് കൊഞ്ചുന്നു.
അവളുടെ കുതിരകൾക്കെല്ലാം പേരുകൾ ഉണ്ടായിരുന്നു...
ഇതെല്ലാം കണ്ടു കൊണ്ട്,
ചിത്രത്തിന്റെ ഇരുണ്ട കോണിൽ നിൽക്കുന്ന ദൈവം...
വെളുത്ത ദൈവം, അല്ല ഇരുണ്ട ദൈവം... അല്ല, അല്ല ...
കറുത്ത ദൈവം !!!
അസൂയ പൂണ്ട് കറുത്ത് വികൃതനായ ദൈവം..
അവൻ ആ ചിത്രം മായ്ക്കുകയായിരുന്നില്ല ചെയ്തത്.
പകരം, കറുപ്പ് കോരിയൊഴിച്ചു.
അവൾക്കു ചുറ്റും കുതിരകളെ കാണാതായി...
മഞ്ഞു പെയ്ത താഴ് വാരം കാണാതായി..
അവളുടെ ചുണ്ടിൽ ചിരി മാഞ്ഞു..
നിലവിളിക്കാൻ പോലുമാകാതെ ചുവപ്പു പടർന്നൊഴുകി..
നിലവിളി ഉയർത്താതെ, പിടച്ചിലുകൾ അറിയാതെ,
കറുപ്പ് അവൾക്കു ചുറ്റും കോട്ട കെട്ടി...
ചിത്രം പൂർത്തിയായി..
ചുറ്റും കറുപ്പു മാത്രം..
കന്നിമൂലയിലിരുന്ന്, കറുത്ത ദംഷ്ട്രകൾ കാട്ടിച്ചിരിക്കുന്ന, ദൈവം മാത്രം -
തെളിഞ്ഞു നിന്നു..
ആ കറുപ്പിനിടയിലെവിടെയോ അവളുടെ കുതിരകൾ,
അവളെക്കാണാതെ അലഞ്ഞുതിരിഞ്ഞു...
ഒരു വലിയ നിലവിളി, ആ താഴ് വരയിൽ ഒഴുകി നടന്നു..
നിലയ്ക്കാതെ.....
കേൾക്കാൻ ചെകിടുള്ളവൻ കേൾക്കട്ടെ
സുസുസുധി വാത്മീകം എന്ന സിനിമയിൽ ശിവദയോട് ജയസൂര്യ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. "താരാസമീൻപർ" എന്ന പോലെയുള്ള പടമാക്കെ, കുട്ടികളുടെ അല്ലെങ്കിൽ കുട്ടികൾക്കിഷ്ടപ്പെടുന്ന സിനിമയാണെന്ന് എങ്ങനെയാണ് നമുക്ക് പറയാനാകുക? കുട്ടികൾക്കിഷ്ടപ്പെട്ടതാണെന്ന്, കുട്ടികളെ പ്രമേയമാക്കുന്നതു കൊണ്ട് നാം ധരിച്ചുവശാകുന്നു എന്നതല്ലേ സത്യം?
അല്ലെങ്കിൽ തന്നെ ഏതൊരു കുട്ടിയും അത്തരം സിനിമകൾ മുഴുവനായി ആസ്വദിക്കുന്നില്ലെന്ന് ശ്രദ്ധിച്ചു നിരീക്ഷിച്ചാൽ നമുക്കു മനസ്സിലാകും. സത്യത്തിൽ കുട്ടികൾക്കു വേണ്ടിയല്ല, അവരെ തിരിച്ചറിയാൻ രക്ഷിതാക്കളിലേക്കു തിരിക്കുന്ന കണ്ണാടികളാണ് അത്തരം സിനിമകൾ.
ഇതു പോലെത്തന്നെയാണു പലരും. മറ്റുള്ളവർക്ക്, നാം കരുതുന്നതാണ് ആവശ്യമെന്ന് തെറ്റിദ്ധരിച്ച് അടിച്ചേൽപ്പിക്കുവാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് ഒരോരുത്തരും. സത്യത്തിൽ അവർ അത് ആസ്വദിക്കുന്നുണ്ടോ എന്നോ, അത് അവർക്ക് ആവശ്യമുള്ളതാണോ എന്നോ, നാം ചിന്തിക്കാൻ മിനക്കെടാറില്ല. യഥാർത്ഥത്തിൽ, നമുക്കാവശ്യമുള്ളതോ, ആഗ്രഹമുള്ളതോ ആയ കാര്യങ്ങളാണ് നാം അവരിൽ അടിച്ചേൽപ്പിക്കുന്നത് എന്നതല്ലേ പരമാർത്ഥം? എന്നിട്ടോ.. അതു സമ്മതിക്കാനായ് വീർപ്പുമുട്ടുന്ന അവരെ നോക്കി കൊഞ്ഞനം കുത്തുവാനും, അവരെ ബുദ്ധിയില്ലാത്തവരായി ചിത്രീകരിക്കുവാനും ശ്രമിക്കുമ്പോൾ, മന്ദബുദ്ധികളാകുന്നത് നാം തന്നെയാണെന്നത്, നാം സൗകര്യപൂർവ്വം മറന്നുപോകുന്നു.
ഓരോ മനുഷ്യനും ഓരോ കാര്യങ്ങൾ നോക്കിക്കാണുന്നത് വ്യത്യസ്തമായ സാഹചര്യങ്ങളിൽ നിന്നാണ്. ചൂടുവെള്ളത്തിൽ വീണ പൂച്ച, വെള്ളം കാണും പോലെയല്ല, പച്ചവെളത്തിൽ മാത്രം വീണ പൂച്ച വെള്ളത്തെ കാണുന്നത്.. പറഞ്ഞു കൊണ്ടിരിക്കുന്നതിനേക്കാൾ ശ്രമകരമാണ്, കേൾക്കാനിരിക്കുക എന്നത്.
ശ്രമിക്കാം നമുക്ക്, ചുറ്റുമുള്ളവർക്കായി കാതുകൾ തുറന്നു വയ്ക്കാൻ..
അവരെ പറയാൻ അനുവദിക്കുക.. ഒരു നല്ല ശ്രോതാവാകുക....
2016 മാർച്ച് 7, തിങ്കളാഴ്‌ച
കാക്കയും കിണറും
ഇരന്നു കിട്ടിയ ചോറിൽ കാഷ്ഠിച്ച കാക്ക,
കല്ലേറുകൊണ്ട് കിണറ്റിലേക്കു താഴ്ന്നു.
മൂന്നാം പ്രാവശ്യം പൊങ്ങിയപ്പോൾ,
അത് ഒരു തവളയെ പിടിച്ചു തിന്നു.
മറ്റു തവളകൾ ഒന്നിച്ചലറിയപ്പോൾ,
ചത്തുപൊന്തിയ കാക്കയ്ക്കു മേൽ,
ബ്ലീച്ചിങ്ങ് പൗഡർ വീണു.
ചത്ത കാക്കയുടെ വയറ്റിലെ മുട്ട വിരിഞ്ഞ് പുറത്തു വന്ന കാക്ക,
പ്രതികാരമെന്നോണം മറ്റു തവളകളെ തിന്നു തീർത്തു...
ഒറ്റയ്ക്കായ മുതുക്കൻ തവള,
ഹോമകുണ്ഡത്തിൽ ചാടി ജീവനൊടുക്കി.
അഗ്നിയടങ്ങിയപ്പോൾ......
കിണറ്റിലെ വെള്ളം വറ്റിപ്പോയിരുന്നു.....
image from wallpaperscraft.com
2016 ജനുവരി 31, ഞായറാഴ്‌ച
മയിലാസനം
രാവിലെ നേരത്തേ എഴുന്നേൽക്കുകയാണെങ്കിൽ നടേലകത്തെ ജനൽ പതുക്കെതുറന്നു നോക്കിയാൽ കാണാം അപ്പന്റെ കസർത്തുകൾ. ലുങ്കി മടക്കി രണ്ടറ്റവും കാലുകൾക്കിടയിലൂടെ എടുത്ത് പുറകിൽകുത്തി, അപ്പൻ ഒരു കളിരിക്കാരനാകും. എനിക്കും ഭയങ്കര അഭിമാനമായിരുന്നു. വല്യ ഗമയിൽ നെഞ്ചും തള്ളിച്ചു നിന്ന് കൂട്ടുകാരോടൊക്കെ ഞാൻ പറയും, "ന്റപ്പൻ കളര്യാട്ടാ".
പാക്കിസ്ഥാൻ കൊച്ചപ്പൻ എന്ന് നാട്ടുകാര് വിളിച്ചിരുന്ന ഒരപ്പാപ്പനുണ്ടായിരുന്നു നാട്ടിൽ. സീസിയപ്പാപ്പൻ എന്ന് ഞങ്ങൾ കുട്ടികൾ സ്നേഹപൂർവ്വം വിളിച്ചിരുന്ന സി.സി.കൊച്ചപ്പൻ. പുള്ളി പഴയ നക്സലാണെന്നൊക്കെയാണ് കേട്ടുകേൾവി. അമ്മേം വല്ല്യമ്മേമൊക്കെ കണ്ടിട്ടുണ്ടത്രേ മൂപ്പരുടെ ഭീകരങ്ങളായ അഭ്യാസങ്ങൾ. ന്റെ പാഞ്ചിവെല്ല്യപ്പനേം, പിന്നെ എന്റെ അപ്പനടക്കമുള്ള കുറേ യുവാക്കളേം അഭ്യാസം പഠിപ്പിച്ചത് മൂപ്പരാണെന്നു കേട്ടപ്പോൾ ആ ഉയരം കുറഞ്ഞ വെളുത്ത കൊമ്പൻ മീശയുള്ള മനുഷ്യനെ വളരെ അത്ഭുതത്തോടെയാണ് ഞാൻ നോക്കിക്കണ്ടിരുന്നത്. ശിഷ്യൻമാരെ ഉലക്കമേൽ കയറ്റിനിർത്തുന്നതും, മണ്ണെണ്ണ കുടിച്ചിട്ട് വായിൽക്കൂടി തീയൂതുന്നതുമൊക്കെ കേട്ടാൽ ഏതു കുട്ടിയാണ് അത്ഭുതപ്പെടാതിരിക്കുക?
അങ്ങനെയുള്ള സീസിയപ്പാപ്പന്റെ ശിഷ്യനും സർവ്വോപരി എന്റെ അപ്പനുമായ സി.ഡി. ഔസേപ്പാണ് ഉമ്മറത്തു കിടന്ന് കസർത്തുകാണിക്കുന്നത്.. ഞാനതു ശ്വാസം പിടിച്ചിരുന്ന് കാണാറുണ്ട്. ശബ്ദമുണ്ടാക്കിയാൽ അപ്പൻ ശീർഷാസനത്തീന്നെങ്ങാനും താഴെ വീണാലോന്ന് പേടിച്ചാണ് ശ്വാസം വിടാതെയുള്ള ഈ ഇരിപ്പ്. സൂര്യനമസ്കാരം, ശീർഷാസനം അങ്ങനെ ചിലതൊക്കെ ഞാനും പഠിച്ചിട്ടുണ്ട്. പക്ഷേ എനിക്ക് തലകുത്തി നിക്കാൻ തലയിണയും ചുമരിന്റെ മൂലയും വേണമെന്ന വ്യത്യാസം മാത്രം. മറ്റു പലരേയും പോലെ ശവാസനമാണ് എന്റെയും ഇഷ്ടപ്പെട്ട ഐറ്റം.
എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയിട്ടുള്ളത് മയിലാസനം ആയിരുന്നു.രണ്ടു കൈമുട്ടുകളും നെഞ്ചിലൂന്നി ഭൂമിക്കു സമാന്തരമായി കാലുകളും കഴുത്തും ഉയർത്തിപ്പിടിച്ച് മിനുട്ടുകളോളം അനങ്ങാതെ നിൽക്കുന്ന അപ്പനെക്കണ്ടാൽ ശരിക്കും ഒരു മയില് നിക്കണ പോല്യാ തോന്നാ. ഞാനും അങ്ങനെ നിൽക്കാൻ പല തവണ ശ്രമിച്ചിട്ടുണ്ടെങ്കിലും ദയനീയമായ പരാജയമായിരുന്നു ഫലം.
അങ്ങനെ ഒരു ദിവസം വെളുപ്പാൻ കാലത്ത് അപ്പന്റെ അഭ്യാസങ്ങൾ തകൃതിയായി ഉമ്മറത്തു നടക്കുകയാണ്. ഞാനെഴുന്നേൽക്കാൻ ഇത്തിരി വൈകി. അന്നു നേരത്തേ എഴുന്നേറ്റത് അനിയനായിരുന്നു.മൂപ്പരു കണ്ണും തിരുമ്മി ഉമ്മറത്തു വന്നപ്പോൾ അപ്പന്റെ ഇതുവരെ കാണാത്ത ഒരു ഭാവമായിരുന്നു കണ്ടത്. തികഞ്ഞ ഏകാഗ്രതയോടെ മയിലാസനത്തിൽ നിൽക്കുന്ന അപ്പനുണ്ടോ അവന്റെ മനസ്സിൽ മിന്നിമറഞ്ഞ വികാരങ്ങൾ കാണുന്നു? ഞങ്ങളെ രണ്ടു പേരേയും പുറത്തിരുത്തി സ്ഥിരം ആനകളിക്കുന്ന അപ്പൻ പുതിയ കളിയും കണ്ടു പിടിച്ച് വന്നിരിക്ക്യാന്നായിരുന്നു നിഷ്കളങ്കനായ ആ പുത്രൻ കരുതിയത്...
ഞാൻ എഴുന്നേൽക്കുന്ന നേത്തായിരുന്നു അപ്പനെ ആശുപത്രീന്ന് കൊണ്ടുവന്നത്. ആദ്യം കണ്ടത് കൈയ്യിലെ പട്ടീസാണ്.പിന്നെ അടുത്ത വന്നപ്പോ താടീമ്മേം ഉണ്ടായിരുന്നു ഒരു കെട്ട് വേറെ. കാര്യമറിയാതെ ഞാൻ പതുക്കെ അമ്മയോടു ചോദിച്ചു, എന്താണ്ടായേ?
ആക്രൂരകൃത്യം നടപ്പിലാക്കിയ അനിയനെ തറപ്പിച്ചു നോക്കിക്കൊണ്ട് അമ്മ പറഞ്ഞു, "അവൻ പോയിട്ട് മയിലിന്റെ പൊറത്ത് കേറീതാ... താടീമ്മെ മൂന്ന് സ്റ്റിച്ച്, കയ്യിന്റെ കൊഴയൊന്നു തെറ്റി, ചെറ്യേ ചിന്നലും "...
ഒരു വളിച്ച ചിരിയും തേച്ചു പിടിപ്പിച്ചുനിൽക്കുന്ന പുത്രനെ നോക്കിക്കൊണ്ട് കളരിയാശാൻ നിശബ്ദമായി ഒരു പ്രതിജ്ഞയെടുക്കുകയായിരുന്നു അപ്പോൾ....... "നീയൊന്നും ഈ ജില്ലയിലുള്ളപ്പോൾ ഞാനിനി ഒരാസനവും കാണിക്കില്ലെടാ പുല്ലുകളേ......"
2016 ജനുവരി 11, തിങ്കളാഴ്‌ച
വിലക്കപ്പെട്ട രാത്രി
അന്ന് അവരുടെ ആദ്യരാത്രിയായിരുന്നു. വളരെ സാധാരണ ഗതിയിൽ നടന്ന ഒരു വിവാഹമായിരുന്നു അവരുടേത്. പെണ്ണുകാണലും, മനസമ്മതവും, വിവാഹവും മുറപോലെ തീർത്താണ് അവർ ആ രാത്രിയിൽ ഒരുമിച്ചായത്. എന്നോ തുടങ്ങിയ ചില ആചാരങ്ങളുടെ പൂർത്തികരണമെന്നോണം അവൾ ഒരു ഗ്ലാസ് പാലുമായി എത്തിയപ്പോൾ, അയാൾ ജനലിലൂടെ പുറത്തേക്കു നോക്കി നിൽക്കുകയായിരുന്നു. സ്വയം നശിച്ചില്ലാതാകാൻ പുറപ്പെട്ട ഒരു ചാവേറിന്റെ മുഖമായിരുന്നു അയാൾക്കപ്പോൾ. അവളുടെ മുഖം നിർവികാരമായിക്കിടക്കുന്ന ഒരു സമുദ്രത്തെയോർമ്മിപ്പിച്ചു.
"നിനക്കൊരിക്കലും ഒരമ്മയാവാൻ കഴിയില്ല." അതായിരുന്നു അയാൾ അവളോടു പറഞ്ഞ ആദ്യത്തെ വാചകം അവൾ അതേ സമുദ്രഭാവത്തോടെ മുഖമുയർത്തി അയാളെ നോക്കിയപ്പോൾ, അർത്ഥശങ്കയ്ക്കിടവരാത്തവണ്ണം നിസ്സഹായതയോടെ അയാൾ മുഖം കുനിച്ചു.
" പാല് കുടിക്കുന്നില്ലേ?" അവൾ പാൽഗ്ലാസ് അയാൾക്കു നേരെ നീട്ടി. ആ സമുദ്രത്തിന്റെ അർത്ഥമറിയാതെ അയാൾ പൊന്തിക്കിടക്കാനുള്ള പിടിവള്ളിക്കായി തിരഞ്ഞുകൊണ്ടിരുന്നു. പകുതി പാൽ അവൾ കുടിക്കുന്നതു കണ്ട് അയാൾ ദൈവത്തിന് നന്ദി പറഞ്ഞു. തനിക്ക് മാപ്പു നൽക്കപ്പെട്ടിരിക്കുന്നതായും, അവൾ തന്നെ സ്നേഹിക്കുന്നതായും അയാൾക്ക് തോന്നി. ആരാധനയോടെ അയാൾ തന്റെ ഭാര്യയെ നോക്കി നിന്നു. കിടക്കയിലേക്കു പ്രവേശിച്ചപ്പോൾ അയാളവളുടെ കൈകളിൽ ചുംബിച്ചു. ആ സമുദ്രം വളരെയധികം ശാന്തമായി കാണപ്പെട്ടു.
വിചാരങ്ങൾ വികാരങ്ങൾക്ക് വഴിമാറിയപ്പോൾ അയാള വളെ തന്റെ ആലിംഗനത്തിൽ ബന്ധനസ്ഥയാക്കി. സമുദ്രത്തിൽ ചുഴികൾ രൂപപ്പെടുന്നത് അയാൾക്ക് മനസ്സിലാക്കുവാൻ ആ മുറിയിലെ അരണ്ട വെളിച്ചം അപര്യാപ്തമായിരുന്നു.
" അരുത് " ആശ്ചര്യപ്പെട്ടു നിന്ന അയാളുടെ കയ്യെടുത്ത് തന്റെ ഉദരത്തിൽ വച്ചു കൊണ്ട് അവൾ പറഞ്ഞു. "നിങ്ങൾ ഒരച്ഛനാകാൻ പോകുന്നു" സമുദ്രം അപ്പോഴും ശാന്തമായിരുന്നു.
2015 ഒക്‌ടോബർ 22, വ്യാഴാഴ്‌ച
തീ-പട്ടികൾ
തീ തിന്ന കുട്ടികൾ കറുത്തതായിരുന്നു.
തീ വച്ച പട്ടികൾ വെളുത്തതും.
അത് നോക്കി നിന്നവരിൽ
കറുപ്പും വെളുപ്പും ഉണ്ടായിരുന്നു.
തീയിനിയും കെടുത്തിയിട്ടില്ലവർ,
കത്തിക്കാനുണ്ട് ഇനിയുമൊരുപാട്.
തീ കത്തുന്നത് അകലെയാണെന്നോർത്തു,
നാമിനിയും നോക്കിനില്ക്കും.
മനുഷ്യനെക്കാൾ പട്ടിക്കു വിലയുണ്ടെന്ന് പറഞ്ഞത്,
നിന്‍റെ അടുത്തുനിന്നാണ്.
ഒരേയൊരു കാറ്റിൽ ആ തീ ഇവിടെയും എത്തും.
അന്ന് അവർ കണക്കെടുക്കും,
എന്റെയും നിന്റെയും കുട്ടികളുടെ നിറം.
ഇവിടെയും തീ തിന്നുന്ന കുട്ടികൾ ഉണ്ടാകും.
തീ വെക്കാൻ പട്ടികളും.
തീ-പട്ടികളുടെ വന്ധ്യം കരിക്കുക...
ഇനിയും തീ-പട്ടികൾ ഉണ്ടാവാതിരിക്കട്ടെ....
നമ്മുടെ കുട്ടികളെ തീ തിന്നാതിരിക്കട്ടെ.......
2015 മേയ് 16, ശനിയാഴ്‌ച
രഹസ്യം
എനിക്ക് മുന്നില് നീയും
നഗ്നരായി...
രണ്ടു ഹൃദയങ്ങളും മലർക്കെ തുറന്നു..
നമുക്കിടയിൽ ഒളിച്ചുവെക്കുവാൻ
ഒന്നും ബാക്കിയുണ്ടായിരുന്നില്ല....
നമ്മുടെ പ്രണയമൊഴിച്ച്.....
2014 ഓഗസ്റ്റ് 13, ബുധനാഴ്‌ച
മൂത്രക്കല
2014 ജൂലൈ 15, ചൊവ്വാഴ്ച
ഉന്നം തെറ്റിയ പടയാളി
ഒരു പടയാളിയുണ്ടായിരുന്നു.
കാഴ്ചയ്ക്ക് ഭേദപ്പെട്ട സൗന്ദര്യമുള്ള ,
ഒരുപാട് കഴിവുകളുള്ള ഒരു നല്ല പടയാളി.
പടയാളിയുടെ ലക്ഷ്യങ്ങൾ വളരെ വലുതായിരുന്നു.
എന്നാൽ, അവയെല്ലാം പലയിടത്തായി ചിന്നിച്ചിതറിക്കിടക്കുകയായിരുന്നു.
മഞ്ഞക്കളറുള്ള ആ പുസ്തകത്തിൻറെ,
മുപ്പത്തിഒമ്പതാമത്തെ പേജിൽ,
ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു.
ഒരിക്കലും കണ്ടിട്ടില്ലെങ്കിലും ,
പടയാളിക്കു ഏറെ ഇഷ്ട്ടമുള്ള ഒരു പെണ്‍കുട്ടി.
പുസ്തകാവസാനം ഈറനണിയുന്ന,
വായനക്കാരൻറെ കണ്ണിലൂടെ,
പടയാളി അവളെ അറിഞ്ഞിരുന്നു.
അവൾക്കുവേണ്ടി പടയാളി ഒരു പ്രണയാസ്ത്രമെടുത്തു കുലച്ചു.
മഞ്ഞക്കളറുള്ള ആ പുസ്തകത്തിൻറെ,
ആദ്യത്തെയും അവസാനത്തെയും രണ്ടു പേജുകൾ,
ചേർത്ത് പൊതിഞ്ഞ്,
സ്റ്റാപ്ലെർ അടിക്കപ്പെട്ടു.....
2013 നവംബർ 8, വെള്ളിയാഴ്‌ച
വല്ലാത്ത ധൈര്യം തന്നെ അനക്ക് ......
2012 സെപ്റ്റംബർ 13, വ്യാഴാഴ്‌ച
2012 ഓഗസ്റ്റ് 23, വ്യാഴാഴ്‌ച
2012 മേയ് 23, ബുധനാഴ്‌ച
ഒരു റെയില്‍വേ ഗൈറ്റിന്റെ ഓര്‍മയ്ക്ക്
ആഖോഷത്തിമിര്‍പ്പിലായിരുന്നു നിങ്ങള്‍ !
നിങ്ങളുടെ മിമിക്രിയും ഗാനമേളയും ഗംഭീരമായിരുന്നു
ചെവിതുളക്കുന്ന വാദ്യകൊലാഹലങ്ങളുടെയും
ചിരിപൊട്ടിക്കുന്ന മാലപ്പടക്കങ്ങളുടെയുമിടയില്‍
ഞാന്‍ കണ്ണീര്‍ വാര്‍ക്കുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിരിക്കില്ല
എത്രയോപേരുടെ പ്രാക്ക് ഞാന്‍ കേട്ടു!
എന്‍റെ നെഞ്ചിലൂടെ കടന്നു പോയവരില്‍
എന്നെ ശപിക്കാത്തത് മൃഗങ്ങള്‍ മാത്രം
മഞ്ഞയും കറുപ്പും ഇടകലര്‍ന്ന എന്‍റെ
ശരീരം മാത്രമേ നിങ്ങള്‍ കണ്ടുള്ളൂ
കുതിരാനില്‍ മണ്ണിടിഞ്ഞു കിടക്കുമ്പോള്‍
പാണ്ടിലോറികള്‍ വരെ എന്നെ പ്രാകി
നിങ്ങള്‍ക്കുവേണ്ടി ഓരോ പ്രാവശ്യവും
ഞാനുയര്‍ന്നുതാഴുമ്പോള്‍
എന്‍റെ അധ്വാനം നിങ്ങള്‍ അവഗണിച്ചു
ലക്ഷ്യത്തിലെത്താനുള്ള തിരക്കായിരുന്നു എല്ലാവര്‍ക്കും
നേരം വൈകുമ്പോള്‍ നിങള്‍ എന്നെ ചേര്‍ത്തു
നുണകള്‍ മെനഞ്ഞു
തിരക്ക് കൂടുമ്പോള്‍ ക്ഷമയില്ലാതെ എത്രയോ പേര്‍
എന്‍റെ ദുര്‍ബലമായ നടുവിനിടിച്ചു!
വടക്കാഞ്ചേരിയുടെ ശാപമായി നിങ്ങളെനിക്കു
കുപ്രസിദ്ധി നേടിത്തന്നു
ഒരു നൂറ്റാണ്ട് മുഴുവനും
പുകതുപ്പിക്കൊണ്ട് പോകുന്ന തീവണ്ടിക്കടിയില്‍ പെടാതിരിക്കുവാന്‍
ഞാന്‍ നിങ്ങള്‍ക്കു മുന്നില്‍ വിലങ്ങുതടിയായി!
നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്കു ഞാന്‍ അപകടസൂചനയായി
എന്‍റെ ത്യാഗത്തിനു നിങ്ങള്‍
ആവോളം എന്നെ തെറിവിളിച്ചു
ഇനി ഞാന്‍ അനാഥനായിരിക്കുന്നു
ഇരുമ്പുദണ്ടുകള്‍ ചേര്‍ത്തെന്റെ കവാടം നിങ്ങള്‍ കൊട്ടിയടച്ചു
എന്‍റെ അദ്ധ്വാനങ്ങള്‍ ഇവിടെ അവസാനിക്കുന്നു
എന്നോടൊപ്പം ദുഖിക്കുവാനുമുണ്ട് ചിലര്‍
എന്നെ ആശ്രയിച്ചു പൊരിവെയിലത്തും, തോരാമഴയത്തും
ലോട്ടറി ടിക്കറ്റു വിറ്റിരുന്നവര്‍,
നിങ്ങള്‍ക്കുമുന്നില്‍ ഇരന്നു ജീവിച്ചിരുന്ന ഭിക്ഷക്കാര്‍,
എന്നോടൊപ്പം ഉറങ്ങുകയും ഉണരുകയും ചെയ്തിരുന്ന
പെട്ടിക്കടക്കാര്‍.....
എന്നോടൊപ്പം അവരും ഓര്‍മയാകുന്നു
എങ്കിലും ഈരാത്രിയിലും ചിലര്‍ വന്നിരുന്നു
എന്‍റെ കണ്ണീര്‍ തുടക്കുവാന്‍
എന്നെ ചുംബിച്ചവനെ നിനക്ക് നന്ദി
അവസാനമായി......................................
വിട................!!
എന്ന് സ്വന്തം,
വടക്കാഞ്ചേരി റെയില്‍വേ ഗേറ്റ്
ഒപ്പ്
2012 മേയ് 19, ശനിയാഴ്‌ച
നെയ്ത്തുകാരന്‍
എന്റെ സഞ്ചിക്കിപ്പോള്‍ വല്ലാത്ത കനം
എന്റെ തോളുകള്‍ കുഴയുന്നു
പക്ഷെ അത് ചുമക്കുവാന്‍ ഒരു സുഖമുണ്ട്
കാരണം, അത് നിറയെ ഒരു നെയ്ത്തുകാരന്റെ സ്നേഹമാണ്
കാപട്യമറിയാത്ത ഒരു ഗ്രാമീണന്റെ സ്നേഹം
മറ്റൊന്നിനും പകരം വയ്ക്കാനാകാത്ത എന്റെ സഞ്ചിയുടെ
ഭാരത്തിന്റെ കാരണങ്ങള്‍,
1.) അയാളുടെ അധ്വാനം വിളയിച്ചെടുത്ത
ഒരു പടല ഞാലിപ്പൂവന്‍ പഴം
2.) പേരയിലയിട്ട് തിളപ്പിച്ചാറ്റിയ ഒരുകുപ്പി വെള്ളം
3.) പൊട്ടിച്ചു കുറച്ചുപയോഗിച്ച
നല്ല വാസനയുള്ള ഒരു പൌഡര്‍ ടിന്‍
4.) ഞാനിതെഴുതിയ ചുവന്ന മാഷിയുടെതടക്കം
രണ്ടു പേനകള്‍
ഇത്രയുമായപ്പോഴേകും സ്നേഹം കൊണ്ട്
എന്റെ വലിയ സഞ്ചി നിറഞ്ഞു.
ഇതിനിടയില്‍ ഞാനദ്ദേഹത്തിന്റെ നെയ്ത്തുശാലയില്‍
കുറച്ചു നേരമിരുന്നു.
വെളുത്ത നൂലിഴകളെ ഉപജീവനത്തിനുള്ള അപ്പമാക്കുന്നത്
വളരെ നേരത്തെ അധ്വാനം കൊണ്ടാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു
കണ്ടുനില്‍ക്കുമ്പോള്‍ ഒരു നെയ്ത്തുകാരന്റെ വിശുദ്ധി
എന്നിലും നിറയുകയായിരുന്നു
ആണികളും ആഡംബരങ്ങളുമില്ലാത്ത അയാളുടെ തറി
എനിക്ക് പുതിയ കാഴ്ചയായിരുന്നു
അപ്പോള്‍ ഞാനത് ആദ്യമായി കാണുകയാണെന്ന്
എനിക്ക് തോന്നിപ്പോയി
കുറെ പട്ടികകളും മഞ്ഞ പ്ലാസ്റ്റിക് കയറുകളുമാണു
ആ തറി നിയന്ത്രിച്ചിരുന്നത്
സ്നേഹം കൊണ്ടാണ് ആ തറിയില്‍ അദ്ദേഹം ഇഴയിട്ടിരുന്നത്
ഓരോ അഞ്ചു മിനിട്ടിലും നെയ്തുതീര്‍ന്ന സ്നേഹം
അയാള്‍ ചുറ്റിയെടുത്തുകൊണ്ടിരുന്നു
അയാളുടെ സ്നേഹത്തിനു ലോകത്തിന്റെ വില
നാല്‍പ്പതുരൂപയാണത്രെ....
ലോകര്‍ വിലയിടുന്നതില്‍ പണ്ടേ വിദഗ്ദര്‍ ആണല്ലോ ..............








