2012 മേയ് 19, ശനിയാഴ്‌ച

നെയ്ത്തുകാരന്‍



എന്റെ സഞ്ചിക്കിപ്പോള്‍ വല്ലാത്ത കനം
എന്റെ തോളുകള്‍ കുഴയുന്നു
പക്ഷെ അത് ചുമക്കുവാന്‍ ഒരു സുഖമുണ്ട്
കാരണം, അത് നിറയെ ഒരു നെയ്ത്തുകാരന്റെ സ്നേഹമാണ്
കാപട്യമറിയാത്ത ഒരു ഗ്രാമീണന്റെ സ്നേഹം

മറ്റൊന്നിനും പകരം വയ്ക്കാനാകാത്ത എന്റെ സഞ്ചിയുടെ
ഭാരത്തിന്റെ കാരണങ്ങള്‍,

1.) അയാളുടെ അധ്വാനം വിളയിച്ചെടുത്ത
ഒരു പടല ഞാലിപ്പൂവന്‍ പഴം

2.) പേരയിലയിട്ട് തിളപ്പിച്ചാറ്റിയ ഒരുകുപ്പി വെള്ളം

3.) പൊട്ടിച്ചു കുറച്ചുപയോഗിച്ച 
നല്ല വാസനയുള്ള ഒരു പൌഡര്‍ ടിന്‍

4.) ഞാനിതെഴുതിയ ചുവന്ന മാഷിയുടെതടക്കം
രണ്ടു പേനകള്‍

ഇത്രയുമായപ്പോഴേകും സ്നേഹം കൊണ്ട്
എന്റെ വലിയ സഞ്ചി നിറഞ്ഞു.

ഇതിനിടയില്‍ ഞാനദ്ദേഹത്തിന്റെ നെയ്ത്തുശാലയില്‍
കുറച്ചു നേരമിരുന്നു.
വെളുത്ത നൂലിഴകളെ ഉപജീവനത്തിനുള്ള അപ്പമാക്കുന്നത്
വളരെ നേരത്തെ അധ്വാനം കൊണ്ടാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു
കണ്ടുനില്‍ക്കുമ്പോള്‍ ഒരു നെയ്ത്തുകാരന്റെ വിശുദ്ധി
എന്നിലും നിറയുകയായിരുന്നു

ആണികളും ആഡംബരങ്ങളുമില്ലാത്ത അയാളുടെ തറി
എനിക്ക് പുതിയ കാഴ്ചയായിരുന്നു
അപ്പോള്‍ ഞാനത് ആദ്യമായി കാണുകയാണെന്ന്
എനിക്ക് തോന്നിപ്പോയി
കുറെ പട്ടികകളും മഞ്ഞ പ്ലാസ്റ്റിക്‌ കയറുകളുമാണു
ആ തറി നിയന്ത്രിച്ചിരുന്നത്

സ്നേഹം കൊണ്ടാണ് ആ തറിയില്‍ അദ്ദേഹം ഇഴയിട്ടിരുന്നത്
ഓരോ അഞ്ചു മിനിട്ടിലും നെയ്തുതീര്‍ന്ന സ്നേഹം
അയാള്‍ ചുറ്റിയെടുത്തുകൊണ്ടിരുന്നു

അയാളുടെ സ്നേഹത്തിനു ലോകത്തിന്റെ വില
നാല്‍പ്പതുരൂപയാണത്രെ....

ലോകര്‍ വിലയിടുന്നതില്‍ പണ്ടേ വിദഗ്ദര്‍ ആണല്ലോ ..............

2012 മേയ് 18, വെള്ളിയാഴ്‌ച

തെക്കെതൊടിയില്‍



ഒരു കവിതയുടെ മറപിടിച്ച്
നീയെന്റെ അരികിലെത്തിയപ്പോള്‍
ഞാന്‍ ഫെബ്രുവരിയിലെ മാവായി
ഒടുവില്‍, എന്നെ വെട്ടിക്കീറിയാണ്
നിന്നെ പറഞ്ഞയച്ചതും

രാത്രിയില്‍

നിഴലുകളെ പിന്തുടരുകയായിരുന്നു ഞാനിതുവരെ
അടുത്തെത്തുമ്പോള്‍  അവയൊന്നും
നിന്റെതായിരുന്നില്ലെന്നു കണ്ടു ഞാന്‍ നിരാശനായി
ഒടുവില്‍ നീയെന്റെ അരികിലെത്തിയപ്പോള്‍
ഞാന്‍ തിരിച്ചറിഞ്ഞു
ഞാനായിരുന്നു നിന്റെ നിഴല്‍ ....

ചോര മണക്കുന്ന ചക്ക

വഴുവഴുപ്പാര്‍ന്ന  ചുളയെടുത്തുതിന്നുമ്പോള്‍ 
കൈത്തണ്ടയിലൂടോലിച്ചിറങ്ങുന്ന 
കൊതിപ്പിക്കുന്ന   മണമായിരുന്നില്ല ചക്കയ്ക്കിന്നലെ  

ഒരു  വണ്ടി  നിറയെ  ചക്ക  വന്നത് 
മരണത്തിന്റെ  കറുത്ത  മുഖമൂടിയിട്ടായിരുന്നു 
അതിന്റെ  മുള്ളുകള്‍  പിശാചിന്റെ  ദംഷ്ട്രപോലിരുന്നു 

ഒരുസര്‍ക്കസ് കണ്ടുതീരുന്നത് 
തങ്ങളുടെ ജിവിതത്തിന്‍റെ  അവസാനമാണെന്നു 
അവര്‍  ആറുപേരും തിരിച്ചറിഞ്ഞില്ല

തനിക്കു  മാത്രമറിയുന്ന  നിയോഗവുമായി
വേളാങ്കണ്ണിയിലേക്ക് തിരിച്ചയാള്‍  
മടങ്ങി വരുന്നതും  കാത്തു
ദൂരെ ഒരു  കുടുംബവുമുണ്ടായിരുനു

നാല്  വാഹനങ്ങള്‍, ഏഴു  ജീവനുകള്‍,
അനേകം  പരിക്കുകള്‍  .....................

റോഡില്‍  ചിതറിക്കിടന്നിരുന്ന  ആയിരക്കണക്കിന്നു ചക്കകളില്‍ ഒന്നുപോലും ,
ആ  കാഴ്ച  കണ്ടവര്‍  മോഹിച്ചില്ല.

കുറിപ്പ്
പാലക്കാട്  കണ്ണാടിയിലെ  അപകടത്തില്‍  പൊലിഞ്ഞ
ഏഴു  ജീവനുകള്‍ക്ക്  നിത്യശാന്തി  നേരുന്നു ...

2012 മേയ് 15, ചൊവ്വാഴ്ച

എനിക്കും പറയാനുണ്ട്

നെയ്ത്തുകാരന്റെ വിയര്‍പ്പില്‍ ഒന്ന് ചേരുന്ന നൂലിഴകളെപോലെ
പരസ്പരം ഇഴചേര്‍ന്നവരായിരുന്നു നാം.
എന്നിട്ടും നീ എന്തിനാണു സൗഹൃദത്തിന്റെ ചങ്ങലക്കണ്ണികള്‍ പൊട്ടിച്ചുകൊണ്ട്
ഇടയിലെവിടെയോവച്ചു  മൗനത്തിന്റെ ഉടയാടകള്‍ എടുത്തണിഞ്ഞത്‌?
നിന്റെ മൗനം എന്നിലുണ്ടാക്കിയ കണ്ണീര്‍ചാലുകളുടെ ആഴം 
നിനക്ക് തിരിച്ചറിയുവാന്‍ കഴിയുമായിരുന്നെങ്കില്‍,
നിനക്കിങ്ങനെ ആകുവാന്‍ കഴിയുമായിരുന്നില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു.
നീയെന്നോടോളിക്കുന്ന ഓരോന്നും അപരനില്‍ നിന്നറിയുമ്പോള്‍ 
എനിക്കുണ്ടാകുന്ന മുറിവുകള്‍ കാണാന്‍ നിനക്ക് കണ്ണുണ്ടാവട്ടെ 
എന്ന് ഞാന്‍ പ്രാര്‍ത്തിക്കുന്നു 
നീ കൂര്‍ത്ത കൊമ്പുകളുള്ള സത്വമായി എന്‍റെ നിദ്രക്കുമേല്‍ നിഴല്‍ വിരിച്ചാലും 
നീയെന്റ സുഹൃത്താണ് 
അതെന്റെ വിശ്വാസമല്ല, അസ്ഥിത്വമാണ്.

2012 മേയ് 4, വെള്ളിയാഴ്‌ച

നീയും ഞാനും



കണ്ണുനീരുകൊണ്ടു നീയെന്റെ പാങ്ങള്‍ കഴുകിയാലും.
തലമുടികൊണ്ടു  തുടച്ചാലും,
ലോകം മുഴുവന്‍ പരിമളം പരത്തുന്നു സുഗന്ധദ്രവ്യം
എന്‍റെ  പാദങ്ങളില്‍ നീ പൂശിയാലും,
നീയൊരിക്കലും മഗ്ദലനയാവില്ല........
ഞാന്‍  ക്രിസ്തുവും..........
കാരണം ,
നമുക്കിടയില്‍ പ്രകാശവര്‍ഷങ്ങളുടെ ദൂരമുണ്ട്..

2012 ഏപ്രിൽ 4, ബുധനാഴ്‌ച

അസ്ഥിത്വം

മഞ്ഞ പോസ്റ്റ്കാര്‍ഡില്‍ ഉരുണ്ട അക്ഷരങ്ങളെയും ഉരുട്ടിക്കൊണ്ട്‌ വരാറുള്ള,
വാക്കുകളെ ഇപ്പോള്‍ കാണാറില്ല...


സന്ധ്യക്ക്‌ ഷാപ്പിലേക്കുള്ള വഴിയുടെ വേലിപ്പോത്തുകളിലിരുന്നു,
പാമ്പുകള്‍ ചോദിക്കാറുണ്ട് നിന്റെ വിശേഷം......


പകല്‍ തീ തിന്നുകൊണ്ട്‌ ജ്വലിക്കുമ്പോള്‍,
അപ്പുണ്ണി നായരുടെ കടയിലെ ബെഞ്ചില്‍ നീ കോറിവരഞ്ഞിട്ട സാഹിത്യം,
എന്നെ നോക്കി പല്ലിളിക്കുന്നു........


നീ വരുമെന്നുള്ള പ്രതീക്ഷയില്‍ തെക്കെപ്പാടത്തിനപ്പുത്തുള്ള കൈതത്തോട്ടിലൂടെ,
ഒഴുകിക്കൊണ്ടിരിക്കുകയാണ് ഇപ്പോഴും ഞാന്‍........


അല്ലാ...........ഇത്രയോക്കെയായില്ലേ............
ഒരു സംശയം ചോദിച്ചോട്ടെ?.........


"ഉണ്ടോ, ഇപ്പോഴും?.............................................."