2012 മേയ് 4, വെള്ളിയാഴ്‌ച

നീയും ഞാനും



കണ്ണുനീരുകൊണ്ടു നീയെന്റെ പാങ്ങള്‍ കഴുകിയാലും.
തലമുടികൊണ്ടു  തുടച്ചാലും,
ലോകം മുഴുവന്‍ പരിമളം പരത്തുന്നു സുഗന്ധദ്രവ്യം
എന്‍റെ  പാദങ്ങളില്‍ നീ പൂശിയാലും,
നീയൊരിക്കലും മഗ്ദലനയാവില്ല........
ഞാന്‍  ക്രിസ്തുവും..........
കാരണം ,
നമുക്കിടയില്‍ പ്രകാശവര്‍ഷങ്ങളുടെ ദൂരമുണ്ട്..

2012 ഏപ്രിൽ 4, ബുധനാഴ്‌ച

അസ്ഥിത്വം

മഞ്ഞ പോസ്റ്റ്കാര്‍ഡില്‍ ഉരുണ്ട അക്ഷരങ്ങളെയും ഉരുട്ടിക്കൊണ്ട്‌ വരാറുള്ള,
വാക്കുകളെ ഇപ്പോള്‍ കാണാറില്ല...


സന്ധ്യക്ക്‌ ഷാപ്പിലേക്കുള്ള വഴിയുടെ വേലിപ്പോത്തുകളിലിരുന്നു,
പാമ്പുകള്‍ ചോദിക്കാറുണ്ട് നിന്റെ വിശേഷം......


പകല്‍ തീ തിന്നുകൊണ്ട്‌ ജ്വലിക്കുമ്പോള്‍,
അപ്പുണ്ണി നായരുടെ കടയിലെ ബെഞ്ചില്‍ നീ കോറിവരഞ്ഞിട്ട സാഹിത്യം,
എന്നെ നോക്കി പല്ലിളിക്കുന്നു........


നീ വരുമെന്നുള്ള പ്രതീക്ഷയില്‍ തെക്കെപ്പാടത്തിനപ്പുത്തുള്ള കൈതത്തോട്ടിലൂടെ,
ഒഴുകിക്കൊണ്ടിരിക്കുകയാണ് ഇപ്പോഴും ഞാന്‍........


അല്ലാ...........ഇത്രയോക്കെയായില്ലേ............
ഒരു സംശയം ചോദിച്ചോട്ടെ?.........


"ഉണ്ടോ, ഇപ്പോഴും?.............................................."

2012 മാർച്ച് 27, ചൊവ്വാഴ്ച

സ്വപ്നങ്ങള്‍ക്കിടയില്‍ മാഞ്ഞുപോകുന്നവര്‍ക്കു വേണ്ടി ....


അവനും സ്വപ്‌നങ്ങള്‍ ഉണടായിരുന്നു.
അവനു വേണ്ടി തുടിക്കുന്ന ഒരു മാതൃഹൃദയവും,
അവനെയോര്‍ത്തു മദ്യപിക്കുന്ന ഒരപ്പനും ഉണ്ടായിരുന്നു.
അവന്റെ വീട് കുടിയാന്‍ മലയിലായിരുന്നു.

നിറയെ പടങ്ങളുള്ള കൊച്ചു ജീന്‍സും,
ചെക്ക് ഷര്‍ട്ടുമിട്ട് അവനെന്നിലേക്കിറങ്ങിവന്നത്,
ഒരു തീവണ്ടി യാത്രയിലായിരുന്നു.

അടുത്തിരിക്കുന്നവര്‍ക്ക് മദ്യത്തിന്റെ വാട സമ്മാനിക്കുന്ന അധരവുമായി,
അവന്റെ അപ്പനും എതിര്‍സീറ്റിലുണ്ടായിരുന്നു.
അയാള്‍ക്കവനെ ഒത്തിരി ഇഷ്ടമായിരുന്നു.
എനിക്കും അവനെ ഇഷ്ടപ്പെടാതിരിക്കാന്‍,
ഒരു കാരണവും കണ്ടെത്തുവാനുടായിരുന്നില്ല .


എന്നിട്ടും ആ ഏഴു വയസ്സില്‍ത്തന്നെ അവനു,
രക്താര്‍ബുധത്തിന്റെ പുഴുക്കുത്തുകള്‍ ഏറ്റിരുന്നു...

ഒരു വൈദികനാവണമെന്നതായിരുന്നു അവന്റെ ആഗ്രഹം..
മൃതി തന്നെ തേടിയെത്തും മുന്‍പേ,
ആദ്യകുര്‍ബാന സ്വീകരിക്കുവാനായി,
അവനു വേദപാടക്ലാസ്സില്‍ മൂന്നില്‍ നിന്നും നാലിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു.


തന്നെ ബാധിച്ചിരിക്കുന്ന വിധിയുടെ ഭീകരതയറിയാതെ,
അവനെനിക്ക് മുന്‍പില്‍ ചിരിച്ചുകൊണ്ടിരുന്നു...
അവന്റെയോരോചിരിയിലും വിങ്ങിപ്പൊട്ടുന്ന ഒരു പിതൃഹൃദയം,
എനിക്ക് മുന്‍പില്‍ ഒരു ചക്രവാളം പോലെ വിശാലമായി കിടക്കുന്നുണ്ടായിരുന്നു...


എന്റെ കൂളിംഗ്‌ഗ്ലാസ്  അവനു സമ്മാനിച്ചുകൊണ്ട് ,
ആ തീവണ്ടിയില്‍ നിന്നുമിറങ്ങി നടക്കുമ്പോള്‍,
പുഴുക്കുത്തിന്റെ പുരോഗതി പരിശോധിക്കാന്‍ അവനെയുംകൊണ്ട് ആ തീവണ്ടി,
തിരുവനന്തപുരത്തെ എതോ ആശുപത്രിയിലേക്ക്,
ചൂളം വിളിച്ചുകൊണ്ട് പാഞ്ഞു പോയി.................            

2012 മാർച്ച് 23, വെള്ളിയാഴ്‌ച

സൗഹൃദം

ഞാന്‍ കാണുമ്പോള്‍ ഒരു തീവണ്ടിയുടെ താളത്തില്‍, 
പലകയടിച്ച ബര്‍ത്തില്‍ കൂട്ടത്തോടെയിരുന്നു പാടു പാടുകയായിരുന്നു സൗഹൃദം 
മറ്റുള്ളവര്‍ നോക്കിച്ചിരിക്കുന്നതും, മുറുമുറുക്കുന്നതും
അത് കാണുന്നുണ്ടായിരുന്നില്ല...

പിന്നെ ഞാന്‍ കാണുമ്പോള്‍ അതേതീവണ്ടിയുടെ വാതുക്കല്‍ നിന്ന് പുറത്തേക്ക് നോക്കി ,
കൂക്കുകയും തെറി പറയുകയുമായിരുന്നു സൗഹൃദം ..
അപ്പോഴും ചുറ്റും ഉണ്ടായിരുന്നവരെ അത് കാണുന്നുണ്ടായിരുന്നില്ല ...

സൗഹൃദം  കടമായി കൊണ്ടുപോയവരുണ്ട് ...
എന്നെങ്കിലും തരാമെന്നു പറഞ്ഞവരും ഉണ്ട് ...

സൗഹൃദം  മണ്ണാങ്കട്ടയാണെന്നും, 
അതിട്ടു തിളപ്പച്ചാല്‍ കഞ്ഞിയാകില്ലെന്നും പറഞ്ഞു മാതാവ് ....

എന്തൊക്കെയായാലും അതില്ലാതെ ജീവിക്കാന്‍ പറ്റില്ലെന്നെനിക്കറിയാം,
അതെന്തു മണ്ണാങ്കട്ടയായാലും ......

നീയാണെന്നെ പ്രേരിപ്പിച്ചത് ....
ഈ മണ്ണാങ്കട്ടയെപ്പറ്റി എഴുതാന്‍ ........

ഇതിനെപ്പറ്റി കരടി പറഞ്ഞതില്‍കൂടുതലൊന്നും എനിക്കുപറയാനില്ല....

പക്ഷെ, തിരിച്ചും പറയാം..
അതോരാപത്താണെന്നു ഞങ്ങള്‍ക്ക് മനസ്സിലായില്ലെന്ന് ......

2012 ജനുവരി 13, വെള്ളിയാഴ്‌ച

വിഡ്ഢിയായ കവി


ആദ്യ ദര്‍ശനത്തില്‍ തന്നെ അവള്‍ കവിക്കനുരൂപയായിരുന്നു. പക്ഷെ പിന്നീട് കാണുമ്പോള്‍ അവള്‍ മറ്റൊരാളെ പ്രണയിക്കുകയായിരുന്നു. പ്രണയം കുഴിച്ചുമൂടി നടക്കുവാന്‍ മാത്രമറിയുന്ന കവി എഴുതിയും പാടിയും സമയം കളയുമ്പോള്‍, അവള്‍ അപരനോടോത്തു സുഖത്തിന്‍റെ കാണാക്കയങ്ങളിലേക്ക് ഊളിയിടുകയായിരുന്നു. അവര്‍ തമ്മില്‍ കൂടുതലടുത്തപ്പോഴും അപരന്റെ ഉള്ളറിയാവുന്ന കവി ചിരിച്ചു. കവിക്ക്‌ പ്രതീക്ഷയുണ്ടായിരുന്നു. അപരന്‍റെ ഉപയോഗത്തിന് ശേഷം തൃണമായി ഉപേക്ഷിക്കപ്പെടുന്ന അവളെ സ്വീകരിക്കുവാന്‍ കവി ഹൃദയം തുറന്നിട്ട്‌ കാത്തിരുന്നു. അവളെ ചതിക്കപ്പെടുവാന്‍ വിട്ടുകൊടുത്തുകൊണ്ട്‌, ഉപഹുപ്തനെപോലെ... അവളുടെ അഹന്തയും എടുത്തുചാട്ടവും നശിച്ചു പക്വതയാര്‍ജിക്കുവാന്‍ അവള്‍ അപരനാല്‍ ചതിക്കപ്പെടെണ്ടത് അനിവാര്യമാണെന്ന് കവി വിശ്വസിച്ചിരുന്നു.
ചതിക്കപ്പെടുമ്പോള്‍ അവള്‍ ലോകത്തിന്‍റെ ദുഷ്ടത തിരിച്ചറിയുമെന്നും, അപ്പോള്‍ അവള്‍ക്കായി മാറ്റിവയ്ക്കപ്പെട്ടിരിക്കുന്ന തന്‍റെപാനപാത്രത്തില്‍ നിന്നും അവള്‍ കുടിക്കുമെന്നും കവി വിശ്വസിച്ചു. കവി വിഡ്ഢിയാണെന്ന് തെളിയിച്ചത് അവളോ അപരനോ ആയിരുന്നില്ല! കാലമായിരുന്നു. ഗൃഹത്തില്‍ അവളെകാന്തയാകുമ്പോള്‍ സന്ദര്‍ശനം തുടങ്ങിയ അപരനെക്കുറിച്ചു രക്ഷിതാക്കള്‍ അറിഞ്ഞതും അവളുടെ വിവാഹം നിശ്ചയിച്ചതും പെട്ടെന്നായിരുന്നു. ചുരുങ്ങിയ പക്ഷം   അവള്‍ പൊട്ടിക്കരയുകയെങ്കിലും ചെയ്തേക്കുമെന്ന് കരുതിയ കവി മാത്രമല്ല വിഡ്ഢിയായത്, കൂട്ടിനു അപരനുമുണ്ടായിരുന്നു.അവനവളെ പ്രണയിക്കുവാനാഗ്രഹിക്കുന്നതിനു മുന്‍പുതന്നെ അവളതു നേരമ്പോക്കായി കരുതിയിരുന്നു. നെറുകയില്‍ സിന്ദൂരമണിഞ്ഞ അവളെ,  കാണുന്നതോഴിവാക്കുവാ൯ കവി ദേശാടനം തുടങ്ങി. ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ കവി തിരിച്ചെത്തിയപ്പോള്‍ അവള്‍ വിവാഹിതയായിരുന്നു. ഭര്‍ത്താവിനോടിടപഴകുമ്പോള്‍ അവളുടെ മുഖത്ത് കുറ്റബോധത്തിന്‍റെ കണികപോലും ഇല്ലെന്നറിഞ്ഞ കവി ഞെട്ടി...  കവിക്ക്‌ പിന്നെയും പ്രതീക്ഷയുണ്ടായിരുന്നു. ദുര്‍ന്നടപ്പിന്‍റെ പേരില്‍ അവള്‍ ഭര്‍ത്താവില്‍നിന്നും, മറ്റെല്ലാവരില്‍നിന്നും ഒറ്റപ്പെടുമെന്നും, അപ്പോള്‍ അവള്‍ക്കു വേണ്ടി ശ്മശാനത്തില്‍ കാത്തിരിക്കാമെന്നും അയാള്‍ കരുതി.
                   രാത്രിയില്‍ ഈവിധം അശുദ്ധചിന്തകളാല്‍ കലുഷിതമാക്കപ്പെട്ട മനസ്സുമായുറങ്ങിയ കവിയുടെ, ആത്മാവുണര്‍ന്നെങ്കിലും.... വിറങ്ങലിച്ച ശരീരത്തില്‍ ഉരുംബരിച്ചു തുടങ്ങിയിരുന്നു..........
                                                                   ......................b.പ്രവാചകന്‍............
  

ആത്മാവിന്‍റെ മുലകള്‍


ആത്മാവിനു രണ്ടു മുലകള്‍ ഉണ്ടായിരുന്നു......
ക്രമരാഹിത്യം പ്രകടമാംവിധം  ചെറുതും വലുതുമായ ,
രണ്ടു മുലകള്‍ ....!!
ആ മുലകളില്‍ നിന്നാണ്,
അനുഭവങ്ങളുടെ കയ്പും മധുരവും ഞാന്‍ നുണഞ്ഞത്......

നുണയുംതോറും  അവള്‍ ചുരത്തിക്കൊണ്ടിരുന്നു.........
ചുരത്തുംതോറും ഞാന്‍ കുടിച്ചു വറ്റിച്ചുകൊണ്ടിരുന്നു .....

ഒടുവില്‍ അതിന്‍റെ അവസാനതുള്ളി രക്തവും നുണഞ്ഞ്,
ഞാന്‍ ഏമ്പക്കം വിട്ടപ്പോള്‍ .........
ഒരു വലിയ ശബ്ദത്തോടെ എന്‍റെ ആത്മാവ്,
പിന്നോക്കം മറിഞ്ഞു വീണു...........
                   .................b. പ്രവാചകന്‍.............................  
നീല കടലുകള്‍ ഉള്ള അവന്‍റെ  കണ്ണുകളില്‍
മുങ്ങി മരിക്കാനായിരുന്നു ദെഇവം എന്നെ സൃഷ്ടിച്ചത്..........



സ്നേഹം അവനു ഒരു ചാട്ടവാര്‍ പോലെയായിരുന്നു........
എന്റെ നഗ്നമായ ചുമലുകളില്‍ അതിന്‍റെ, 
തിണര്‍ത്ത പാടുകള്‍ നീലച്ചു കിടന്നു........


ഭൂമിയുമായുള്ള ബന്ധം അറ്റ് പോകാതിരിക്കുവാന്‍
അവന്‍ ചെരിപ്പുകള്‍  ധരിക്കാരുണ്ടായിരുന്നില്ല....


എന്‍റെ കണ്ണുകളില്‍ ചുംബികുവാന്‍ വേണ്ടി മാത്രമാണ്,
അവന്‍ ജന്മമെടുത്തത് എന്ന് ഞാന്‍ ഉറച്ചുവിശ്വസിച്ചിരുന്നു.... 



അവനു വേണ്ടി ഞാന്‍ ആഗ്രഹിച്ചിരുന്നപ്പോഴൊക്കെ, 
അവന്‍ എന്നില്‍ നിന്നും വളരെ ദൂരെയായിരുന്നു....
എങ്കിലും നിനച്ചിരിക്കാത്ത നേരത്തൊക്കെ അവനെന്നില്‍ പെയ്തു നിറയുമായിരുന്നു....



പ്രണയത്തിന്റെ തീക്ഷണത അതിന്‍റെ ഉച്ചസ്ഥായിയിലെത്തുമ്പോള്‍ , 
അവന്‍  മാതളയല്ലികള്‍ പോലെയുള്ള  പല്ലുകള്‍  കാട്ടി ചിരിക്കാരുണ്ടായിരുന്നു


......................................................അന്നമ്മ........................