2012, മാർച്ച് 27, ചൊവ്വാഴ്ച

സ്വപ്നങ്ങള്‍ക്കിടയില്‍ മാഞ്ഞുപോകുന്നവര്‍ക്കു വേണ്ടി ....


അവനും സ്വപ്‌നങ്ങള്‍ ഉണടായിരുന്നു.
അവനു വേണ്ടി തുടിക്കുന്ന ഒരു മാതൃഹൃദയവും,
അവനെയോര്‍ത്തു മദ്യപിക്കുന്ന ഒരപ്പനും ഉണ്ടായിരുന്നു.
അവന്റെ വീട് കുടിയാന്‍ മലയിലായിരുന്നു.

നിറയെ പടങ്ങളുള്ള കൊച്ചു ജീന്‍സും,
ചെക്ക് ഷര്‍ട്ടുമിട്ട് അവനെന്നിലേക്കിറങ്ങിവന്നത്,
ഒരു തീവണ്ടി യാത്രയിലായിരുന്നു.

അടുത്തിരിക്കുന്നവര്‍ക്ക് മദ്യത്തിന്റെ വാട സമ്മാനിക്കുന്ന അധരവുമായി,
അവന്റെ അപ്പനും എതിര്‍സീറ്റിലുണ്ടായിരുന്നു.
അയാള്‍ക്കവനെ ഒത്തിരി ഇഷ്ടമായിരുന്നു.
എനിക്കും അവനെ ഇഷ്ടപ്പെടാതിരിക്കാന്‍,
ഒരു കാരണവും കണ്ടെത്തുവാനുടായിരുന്നില്ല .


എന്നിട്ടും ആ ഏഴു വയസ്സില്‍ത്തന്നെ അവനു,
രക്താര്‍ബുധത്തിന്റെ പുഴുക്കുത്തുകള്‍ ഏറ്റിരുന്നു...

ഒരു വൈദികനാവണമെന്നതായിരുന്നു അവന്റെ ആഗ്രഹം..
മൃതി തന്നെ തേടിയെത്തും മുന്‍പേ,
ആദ്യകുര്‍ബാന സ്വീകരിക്കുവാനായി,
അവനു വേദപാടക്ലാസ്സില്‍ മൂന്നില്‍ നിന്നും നാലിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു.


തന്നെ ബാധിച്ചിരിക്കുന്ന വിധിയുടെ ഭീകരതയറിയാതെ,
അവനെനിക്ക് മുന്‍പില്‍ ചിരിച്ചുകൊണ്ടിരുന്നു...
അവന്റെയോരോചിരിയിലും വിങ്ങിപ്പൊട്ടുന്ന ഒരു പിതൃഹൃദയം,
എനിക്ക് മുന്‍പില്‍ ഒരു ചക്രവാളം പോലെ വിശാലമായി കിടക്കുന്നുണ്ടായിരുന്നു...


എന്റെ കൂളിംഗ്‌ഗ്ലാസ്  അവനു സമ്മാനിച്ചുകൊണ്ട് ,
ആ തീവണ്ടിയില്‍ നിന്നുമിറങ്ങി നടക്കുമ്പോള്‍,
പുഴുക്കുത്തിന്റെ പുരോഗതി പരിശോധിക്കാന്‍ അവനെയുംകൊണ്ട് ആ തീവണ്ടി,
തിരുവനന്തപുരത്തെ എതോ ആശുപത്രിയിലേക്ക്,
ചൂളം വിളിച്ചുകൊണ്ട് പാഞ്ഞു പോയി.................