2012, മേയ് 18, വെള്ളിയാഴ്‌ച

തെക്കെതൊടിയില്‍



ഒരു കവിതയുടെ മറപിടിച്ച്
നീയെന്റെ അരികിലെത്തിയപ്പോള്‍
ഞാന്‍ ഫെബ്രുവരിയിലെ മാവായി
ഒടുവില്‍, എന്നെ വെട്ടിക്കീറിയാണ്
നിന്നെ പറഞ്ഞയച്ചതും

രാത്രിയില്‍

നിഴലുകളെ പിന്തുടരുകയായിരുന്നു ഞാനിതുവരെ
അടുത്തെത്തുമ്പോള്‍  അവയൊന്നും
നിന്റെതായിരുന്നില്ലെന്നു കണ്ടു ഞാന്‍ നിരാശനായി
ഒടുവില്‍ നീയെന്റെ അരികിലെത്തിയപ്പോള്‍
ഞാന്‍ തിരിച്ചറിഞ്ഞു
ഞാനായിരുന്നു നിന്റെ നിഴല്‍ ....

ചോര മണക്കുന്ന ചക്ക

വഴുവഴുപ്പാര്‍ന്ന  ചുളയെടുത്തുതിന്നുമ്പോള്‍ 
കൈത്തണ്ടയിലൂടോലിച്ചിറങ്ങുന്ന 
കൊതിപ്പിക്കുന്ന   മണമായിരുന്നില്ല ചക്കയ്ക്കിന്നലെ  

ഒരു  വണ്ടി  നിറയെ  ചക്ക  വന്നത് 
മരണത്തിന്റെ  കറുത്ത  മുഖമൂടിയിട്ടായിരുന്നു 
അതിന്റെ  മുള്ളുകള്‍  പിശാചിന്റെ  ദംഷ്ട്രപോലിരുന്നു 

ഒരുസര്‍ക്കസ് കണ്ടുതീരുന്നത് 
തങ്ങളുടെ ജിവിതത്തിന്‍റെ  അവസാനമാണെന്നു 
അവര്‍  ആറുപേരും തിരിച്ചറിഞ്ഞില്ല

തനിക്കു  മാത്രമറിയുന്ന  നിയോഗവുമായി
വേളാങ്കണ്ണിയിലേക്ക് തിരിച്ചയാള്‍  
മടങ്ങി വരുന്നതും  കാത്തു
ദൂരെ ഒരു  കുടുംബവുമുണ്ടായിരുനു

നാല്  വാഹനങ്ങള്‍, ഏഴു  ജീവനുകള്‍,
അനേകം  പരിക്കുകള്‍  .....................

റോഡില്‍  ചിതറിക്കിടന്നിരുന്ന  ആയിരക്കണക്കിന്നു ചക്കകളില്‍ ഒന്നുപോലും ,
ആ  കാഴ്ച  കണ്ടവര്‍  മോഹിച്ചില്ല.

കുറിപ്പ്
പാലക്കാട്  കണ്ണാടിയിലെ  അപകടത്തില്‍  പൊലിഞ്ഞ
ഏഴു  ജീവനുകള്‍ക്ക്  നിത്യശാന്തി  നേരുന്നു ...