2016, ജനുവരി 11, തിങ്കളാഴ്‌ച

വിലക്കപ്പെട്ട രാത്രി

അന്ന് അവരുടെ ആദ്യരാത്രിയായിരുന്നു. വളരെ സാധാരണ ഗതിയിൽ നടന്ന ഒരു വിവാഹമായിരുന്നു അവരുടേത്. പെണ്ണുകാണലും, മനസമ്മതവും, വിവാഹവും മുറപോലെ തീർത്താണ് അവർ ആ രാത്രിയിൽ ഒരുമിച്ചായത്. എന്നോ തുടങ്ങിയ ചില ആചാരങ്ങളുടെ പൂർത്തികരണമെന്നോണം അവൾ ഒരു ഗ്ലാസ് പാലുമായി എത്തിയപ്പോൾ, അയാൾ ജനലിലൂടെ പുറത്തേക്കു നോക്കി നിൽക്കുകയായിരുന്നു. സ്വയം നശിച്ചില്ലാതാകാൻ പുറപ്പെട്ട ഒരു ചാവേറിന്റെ മുഖമായിരുന്നു അയാൾക്കപ്പോൾ. അവളുടെ മുഖം നിർവികാരമായിക്കിടക്കുന്ന ഒരു സമുദ്രത്തെയോർമ്മിപ്പിച്ചു.
            "നിനക്കൊരിക്കലും ഒരമ്മയാവാൻ കഴിയില്ല." അതായിരുന്നു അയാൾ അവളോടു പറഞ്ഞ ആദ്യത്തെ വാചകം അവൾ അതേ സമുദ്രഭാവത്തോടെ മുഖമുയർത്തി അയാളെ നോക്കിയപ്പോൾ, അർത്ഥശങ്കയ്ക്കിടവരാത്തവണ്ണം നിസ്സഹായതയോടെ അയാൾ മുഖം കുനിച്ചു.
       " പാല് കുടിക്കുന്നില്ലേ?" അവൾ പാൽഗ്ലാസ് അയാൾക്കു നേരെ നീട്ടി. ആ സമുദ്രത്തിന്റെ അർത്ഥമറിയാതെ അയാൾ പൊന്തിക്കിടക്കാനുള്ള പിടിവള്ളിക്കായി തിരഞ്ഞുകൊണ്ടിരുന്നു. പകുതി പാൽ അവൾ കുടിക്കുന്നതു കണ്ട് അയാൾ ദൈവത്തിന് നന്ദി പറഞ്ഞു. തനിക്ക് മാപ്പു നൽക്കപ്പെട്ടിരിക്കുന്നതായും, അവൾ തന്നെ സ്നേഹിക്കുന്നതായും അയാൾക്ക് തോന്നി. ആരാധനയോടെ അയാൾ തന്റെ ഭാര്യയെ നോക്കി നിന്നു. കിടക്കയിലേക്കു പ്രവേശിച്ചപ്പോൾ അയാളവളുടെ കൈകളിൽ ചുംബിച്ചു. ആ സമുദ്രം വളരെയധികം ശാന്തമായി കാണപ്പെട്ടു.
          വിചാരങ്ങൾ വികാരങ്ങൾക്ക് വഴിമാറിയപ്പോൾ അയാള വളെ തന്റെ ആലിംഗനത്തിൽ ബന്ധനസ്ഥയാക്കി. സമുദ്രത്തിൽ ചുഴികൾ രൂപപ്പെടുന്നത് അയാൾക്ക് മനസ്സിലാക്കുവാൻ ആ മുറിയിലെ അരണ്ട വെളിച്ചം അപര്യാപ്തമായിരുന്നു.
    " അരുത് " ആശ്ചര്യപ്പെട്ടു നിന്ന അയാളുടെ കയ്യെടുത്ത് തന്റെ ഉദരത്തിൽ വച്ചു കൊണ്ട് അവൾ പറഞ്ഞു. "നിങ്ങൾ ഒരച്ഛനാകാൻ പോകുന്നു" സമുദ്രം അപ്പോഴും ശാന്തമായിരുന്നു.