2012, മേയ് 19, ശനിയാഴ്‌ച

നെയ്ത്തുകാരന്‍



എന്റെ സഞ്ചിക്കിപ്പോള്‍ വല്ലാത്ത കനം
എന്റെ തോളുകള്‍ കുഴയുന്നു
പക്ഷെ അത് ചുമക്കുവാന്‍ ഒരു സുഖമുണ്ട്
കാരണം, അത് നിറയെ ഒരു നെയ്ത്തുകാരന്റെ സ്നേഹമാണ്
കാപട്യമറിയാത്ത ഒരു ഗ്രാമീണന്റെ സ്നേഹം

മറ്റൊന്നിനും പകരം വയ്ക്കാനാകാത്ത എന്റെ സഞ്ചിയുടെ
ഭാരത്തിന്റെ കാരണങ്ങള്‍,

1.) അയാളുടെ അധ്വാനം വിളയിച്ചെടുത്ത
ഒരു പടല ഞാലിപ്പൂവന്‍ പഴം

2.) പേരയിലയിട്ട് തിളപ്പിച്ചാറ്റിയ ഒരുകുപ്പി വെള്ളം

3.) പൊട്ടിച്ചു കുറച്ചുപയോഗിച്ച 
നല്ല വാസനയുള്ള ഒരു പൌഡര്‍ ടിന്‍

4.) ഞാനിതെഴുതിയ ചുവന്ന മാഷിയുടെതടക്കം
രണ്ടു പേനകള്‍

ഇത്രയുമായപ്പോഴേകും സ്നേഹം കൊണ്ട്
എന്റെ വലിയ സഞ്ചി നിറഞ്ഞു.

ഇതിനിടയില്‍ ഞാനദ്ദേഹത്തിന്റെ നെയ്ത്തുശാലയില്‍
കുറച്ചു നേരമിരുന്നു.
വെളുത്ത നൂലിഴകളെ ഉപജീവനത്തിനുള്ള അപ്പമാക്കുന്നത്
വളരെ നേരത്തെ അധ്വാനം കൊണ്ടാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു
കണ്ടുനില്‍ക്കുമ്പോള്‍ ഒരു നെയ്ത്തുകാരന്റെ വിശുദ്ധി
എന്നിലും നിറയുകയായിരുന്നു

ആണികളും ആഡംബരങ്ങളുമില്ലാത്ത അയാളുടെ തറി
എനിക്ക് പുതിയ കാഴ്ചയായിരുന്നു
അപ്പോള്‍ ഞാനത് ആദ്യമായി കാണുകയാണെന്ന്
എനിക്ക് തോന്നിപ്പോയി
കുറെ പട്ടികകളും മഞ്ഞ പ്ലാസ്റ്റിക്‌ കയറുകളുമാണു
ആ തറി നിയന്ത്രിച്ചിരുന്നത്

സ്നേഹം കൊണ്ടാണ് ആ തറിയില്‍ അദ്ദേഹം ഇഴയിട്ടിരുന്നത്
ഓരോ അഞ്ചു മിനിട്ടിലും നെയ്തുതീര്‍ന്ന സ്നേഹം
അയാള്‍ ചുറ്റിയെടുത്തുകൊണ്ടിരുന്നു

അയാളുടെ സ്നേഹത്തിനു ലോകത്തിന്റെ വില
നാല്‍പ്പതുരൂപയാണത്രെ....

ലോകര്‍ വിലയിടുന്നതില്‍ പണ്ടേ വിദഗ്ദര്‍ ആണല്ലോ ..............