2012, മേയ് 23, ബുധനാഴ്‌ച

ഒരു റെയില്‍വേ ഗൈറ്റിന്റെ ഓര്‍മയ്ക്ക്



ആഖോഷത്തിമിര്‍പ്പിലായിരുന്നു നിങ്ങള്‍ !
നിങ്ങളുടെ മിമിക്രിയും ഗാനമേളയും ഗംഭീരമായിരുന്നു
ചെവിതുളക്കുന്ന വാദ്യകൊലാഹലങ്ങളുടെയും
ചിരിപൊട്ടിക്കുന്ന മാലപ്പടക്കങ്ങളുടെയുമിടയില്‍
ഞാന്‍ കണ്ണീര്‍ വാര്‍ക്കുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിരിക്കില്ല

എത്രയോപേരുടെ പ്രാക്ക് ഞാന്‍ കേട്ടു!
എന്‍റെ നെഞ്ചിലൂടെ കടന്നു പോയവരില്‍
എന്നെ ശപിക്കാത്തത് മൃഗങ്ങള്‍ മാത്രം
മഞ്ഞയും കറുപ്പും ഇടകലര്‍ന്ന എന്‍റെ
ശരീരം മാത്രമേ നിങ്ങള്‍ കണ്ടുള്ളൂ
കുതിരാനില്‍ മണ്ണിടിഞ്ഞു കിടക്കുമ്പോള്‍
പാണ്ടിലോറികള്‍ വരെ എന്നെ പ്രാകി

നിങ്ങള്‍ക്കുവേണ്ടി ഓരോ പ്രാവശ്യവും
ഞാനുയര്‍ന്നുതാഴുമ്പോള്‍
എന്‍റെ അധ്വാനം നിങ്ങള്‍ അവഗണിച്ചു
ലക്ഷ്യത്തിലെത്താനുള്ള തിരക്കായിരുന്നു എല്ലാവര്‍ക്കും

നേരം വൈകുമ്പോള്‍ നിങള്‍ എന്നെ ചേര്‍ത്തു
നുണകള്‍ മെനഞ്ഞു
തിരക്ക് കൂടുമ്പോള്‍ ക്ഷമയില്ലാതെ എത്രയോ പേര്‍
എന്‍റെ ദുര്‍ബലമായ നടുവിനിടിച്ചു!

വടക്കാഞ്ചേരിയുടെ ശാപമായി നിങ്ങളെനിക്കു
കുപ്രസിദ്ധി നേടിത്തന്നു

ഒരു നൂറ്റാണ്ട് മുഴുവനും
പുകതുപ്പിക്കൊണ്ട് പോകുന്ന തീവണ്ടിക്കടിയില്‍ പെടാതിരിക്കുവാന്‍
ഞാന്‍ നിങ്ങള്‍ക്കു മുന്നില്‍ വിലങ്ങുതടിയായി!
നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്കു ഞാന്‍ അപകടസൂചനയായി
എന്‍റെ ത്യാഗത്തിനു നിങ്ങള്‍
ആവോളം എന്നെ തെറിവിളിച്ചു

ഇനി ഞാന്‍ അനാഥനായിരിക്കുന്നു
ഇരുമ്പുദണ്ടുകള്‍ ചേര്‍ത്തെന്റെ കവാടം നിങ്ങള്‍ കൊട്ടിയടച്ചു
എന്‍റെ അദ്ധ്വാനങ്ങള്‍ ഇവിടെ അവസാനിക്കുന്നു

എന്നോടൊപ്പം ദുഖിക്കുവാനുമുണ്ട് ചിലര്‍
എന്നെ ആശ്രയിച്ചു പൊരിവെയിലത്തും, തോരാമഴയത്തും
ലോട്ടറി ടിക്കറ്റു വിറ്റിരുന്നവര്‍,
നിങ്ങള്‍ക്കുമുന്നില്‍ ഇരന്നു ജീവിച്ചിരുന്ന ഭിക്ഷക്കാര്‍,
എന്നോടൊപ്പം ഉറങ്ങുകയും ഉണരുകയും ചെയ്തിരുന്ന
പെട്ടിക്കടക്കാര്‍.....
എന്നോടൊപ്പം അവരും ഓര്‍മയാകുന്നു 

എങ്കിലും ഈരാത്രിയിലും ചിലര്‍ വന്നിരുന്നു
എന്‍റെ കണ്ണീര്‍ തുടക്കുവാന്‍
എന്നെ ചുംബിച്ചവനെ നിനക്ക് നന്ദി
അവസാനമായി......................................
വിട................!!

                                                   എന്ന് സ്വന്തം,
                                                വടക്കാഞ്ചേരി റെയില്‍വേ ഗേറ്റ്
                                                           ഒപ്പ്