2016, ജനുവരി 31, ഞായറാഴ്‌ച

മയിലാസനം

രാവിലെ നേരത്തേ എഴുന്നേൽക്കുകയാണെങ്കിൽ നടേലകത്തെ ജനൽ പതുക്കെതുറന്നു നോക്കിയാൽ കാണാം അപ്പന്റെ കസർത്തുകൾ. ലുങ്കി മടക്കി രണ്ടറ്റവും കാലുകൾക്കിടയിലൂടെ എടുത്ത് പുറകിൽകുത്തി, അപ്പൻ ഒരു കളിരിക്കാരനാകും. എനിക്കും ഭയങ്കര അഭിമാനമായിരുന്നു. വല്യ ഗമയിൽ നെഞ്ചും തള്ളിച്ചു നിന്ന് കൂട്ടുകാരോടൊക്കെ ഞാൻ പറയും, "ന്റപ്പൻ കളര്യാട്ടാ".

        പാക്കിസ്ഥാൻ കൊച്ചപ്പൻ എന്ന് നാട്ടുകാര് വിളിച്ചിരുന്ന ഒരപ്പാപ്പനുണ്ടായിരുന്നു നാട്ടിൽ. സീസിയപ്പാപ്പൻ എന്ന് ഞങ്ങൾ കുട്ടികൾ സ്നേഹപൂർവ്വം വിളിച്ചിരുന്ന സി.സി.കൊച്ചപ്പൻ. പുള്ളി പഴയ നക്സലാണെന്നൊക്കെയാണ് കേട്ടുകേൾവി. അമ്മേം വല്ല്യമ്മേമൊക്കെ കണ്ടിട്ടുണ്ടത്രേ മൂപ്പരുടെ ഭീകരങ്ങളായ അഭ്യാസങ്ങൾ. ന്റെ പാഞ്ചിവെല്ല്യപ്പനേം, പിന്നെ എന്റെ അപ്പനടക്കമുള്ള കുറേ യുവാക്കളേം അഭ്യാസം പഠിപ്പിച്ചത് മൂപ്പരാണെന്നു കേട്ടപ്പോൾ ആ ഉയരം കുറഞ്ഞ വെളുത്ത കൊമ്പൻ മീശയുള്ള മനുഷ്യനെ വളരെ അത്ഭുതത്തോടെയാണ് ഞാൻ നോക്കിക്കണ്ടിരുന്നത്. ശിഷ്യൻമാരെ ഉലക്കമേൽ കയറ്റിനിർത്തുന്നതും, മണ്ണെണ്ണ കുടിച്ചിട്ട് വായിൽക്കൂടി തീയൂതുന്നതുമൊക്കെ കേട്ടാൽ ഏതു കുട്ടിയാണ് അത്ഭുതപ്പെടാതിരിക്കുക?

         അങ്ങനെയുള്ള സീസിയപ്പാപ്പന്റെ ശിഷ്യനും സർവ്വോപരി എന്റെ അപ്പനുമായ സി.ഡി. ഔസേപ്പാണ് ഉമ്മറത്തു കിടന്ന് കസർത്തുകാണിക്കുന്നത്.. ഞാനതു ശ്വാസം പിടിച്ചിരുന്ന് കാണാറുണ്ട്. ശബ്ദമുണ്ടാക്കിയാൽ അപ്പൻ ശീർഷാസനത്തീന്നെങ്ങാനും താഴെ വീണാലോന്ന് പേടിച്ചാണ് ശ്വാസം വിടാതെയുള്ള ഈ ഇരിപ്പ്. സൂര്യനമസ്കാരം, ശീർഷാസനം അങ്ങനെ ചിലതൊക്കെ ഞാനും പഠിച്ചിട്ടുണ്ട്. പക്ഷേ എനിക്ക് തലകുത്തി നിക്കാൻ തലയിണയും ചുമരിന്റെ മൂലയും വേണമെന്ന വ്യത്യാസം മാത്രം. മറ്റു പലരേയും പോലെ ശവാസനമാണ് എന്റെയും ഇഷ്ടപ്പെട്ട ഐറ്റം.

         എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയിട്ടുള്ളത് മയിലാസനം ആയിരുന്നു.രണ്ടു കൈമുട്ടുകളും നെഞ്ചിലൂന്നി ഭൂമിക്കു സമാന്തരമായി കാലുകളും കഴുത്തും ഉയർത്തിപ്പിടിച്ച് മിനുട്ടുകളോളം അനങ്ങാതെ നിൽക്കുന്ന അപ്പനെക്കണ്ടാൽ ശരിക്കും ഒരു മയില് നിക്കണ പോല്യാ തോന്നാ. ഞാനും അങ്ങനെ നിൽക്കാൻ പല തവണ ശ്രമിച്ചിട്ടുണ്ടെങ്കിലും ദയനീയമായ പരാജയമായിരുന്നു ഫലം.

        അങ്ങനെ ഒരു ദിവസം വെളുപ്പാൻ കാലത്ത് അപ്പന്റെ അഭ്യാസങ്ങൾ തകൃതിയായി ഉമ്മറത്തു നടക്കുകയാണ്. ഞാനെഴുന്നേൽക്കാൻ ഇത്തിരി വൈകി. അന്നു നേരത്തേ എഴുന്നേറ്റത് അനിയനായിരുന്നു.മൂപ്പരു കണ്ണും തിരുമ്മി ഉമ്മറത്തു വന്നപ്പോൾ അപ്പന്റെ ഇതുവരെ കാണാത്ത ഒരു ഭാവമായിരുന്നു കണ്ടത്. തികഞ്ഞ ഏകാഗ്രതയോടെ മയിലാസനത്തിൽ നിൽക്കുന്ന അപ്പനുണ്ടോ അവന്റെ മനസ്സിൽ മിന്നിമറഞ്ഞ വികാരങ്ങൾ കാണുന്നു? ഞങ്ങളെ രണ്ടു പേരേയും പുറത്തിരുത്തി സ്ഥിരം ആനകളിക്കുന്ന അപ്പൻ പുതിയ കളിയും കണ്ടു പിടിച്ച് വന്നിരിക്ക്യാന്നായിരുന്നു നിഷ്കളങ്കനായ ആ പുത്രൻ കരുതിയത്...

      ഞാൻ എഴുന്നേൽക്കുന്ന നേത്തായിരുന്നു അപ്പനെ ആശുപത്രീന്ന് കൊണ്ടുവന്നത്. ആദ്യം കണ്ടത് കൈയ്യിലെ പട്ടീസാണ്.പിന്നെ അടുത്ത വന്നപ്പോ താടീമ്മേം ഉണ്ടായിരുന്നു ഒരു കെട്ട് വേറെ. കാര്യമറിയാതെ ഞാൻ പതുക്കെ അമ്മയോടു ചോദിച്ചു, എന്താണ്ടായേ?
      ആക്രൂരകൃത്യം നടപ്പിലാക്കിയ അനിയനെ തറപ്പിച്ചു നോക്കിക്കൊണ്ട് അമ്മ പറഞ്ഞു, "അവൻ പോയിട്ട് മയിലിന്റെ പൊറത്ത് കേറീതാ... താടീമ്മെ മൂന്ന് സ്റ്റിച്ച്, കയ്യിന്റെ കൊഴയൊന്നു തെറ്റി, ചെറ്യേ ചിന്നലും "...

          ഒരു വളിച്ച ചിരിയും തേച്ചു പിടിപ്പിച്ചുനിൽക്കുന്ന പുത്രനെ നോക്കിക്കൊണ്ട് കളരിയാശാൻ നിശബ്ദമായി ഒരു പ്രതിജ്ഞയെടുക്കുകയായിരുന്നു അപ്പോൾ....... "നീയൊന്നും ഈ ജില്ലയിലുള്ളപ്പോൾ ഞാനിനി ഒരാസനവും കാണിക്കില്ലെടാ പുല്ലുകളേ......"

1 അഭിപ്രായം: