2018, മേയ് 27, ഞായറാഴ്‌ച

ഐവിൻ

20/10/11
വടക്കാഞ്ചേരിയിൽ നിന്നും തിങ്കളാഴ്ച്ച പുറപ്പെട്ടതാണ് ഞാൻ. ബാംഗ്ലൂരും കണ്ണൂരും സർവീസ് ഉണ്ടായിരുന്നു.  ബാംഗ്ലൂർ എന്നാ മഹാനഗരവും ചുറ്റിത്തിരിഞ്ഞു കണ്ണൂരിലുണ്ടായിരുന്ന പണിയും തീർത്തു നിർവികാരതയോടെ ഓടുന്ന ഒരു യന്ത്രം കണക്കെ ഞാൻ വടക്കാഞ്ചേരിയിലേക്ക് തീവണ്ടി കയറി.
     തിരക്ക് കുറവാണ്. ഫോണിൽ സുഡോക്കു കളിച്ചു കൊണ്ടിരിക്കുകയാണ്
ഞാൻ. അക്കങ്ങൾ എനിക്കു പിടി തരാതെ ബെർത്തിലും സീറ്റിനടിയിലും ഓടി നടക്കുന്നു. പതിയെ പതിയെ ഒരു കൊച്ചു തല എന്റെ ഫോണിനരികിലേക്ക് നീങ്ങി വന്നു. അമ്മ കാലുകൊണ്ട് വട്ടംചുറ്റിപ്പിടിച്ച് ഇൻസൈഡ് ചെയ്യിപ്പിച്ച, നിറയെ പടങ്ങളുള്ള ജീൻസും, ചെക് ഷർട്ടുമിട്ട ആ തല എന്റെ തലയുമായി പതുക്കെ കൂട്ടിയിടിച്ചു.
      "ചേട്ടായി എന്നാ, ഗെയിമുകളിക്കുവാണോ?" പതുക്കെചിരിച്ചു കൊണ്ട് ഞാനവനെ നോക്കി. "ഇതെന്നാ ഗെയിമാ?" അടുത്ത ചോദ്യം. അതു നിനക്കു മനസ്സിലാക്കാൻ പ്രായമായിട്ടില്ല എന്നു ഞാനവനോടു പറഞ്ഞു.
കുറച്ചു നേരം ഞാൻ അക്കങ്ങളുമായി ഗുസ്തി പിടിക്കുന്നത് അവൻ നോക്കിനിന്നു. ഒന്നും മനസ്സിലാകാതെ വന്നപ്പോൾ അവൻ തന്റെ പപ്പയുടെ അടുത്തേക്കു നീങ്ങി.
അങ്ങനെയിരുന്നു ഞാൻ പതുക്കെ മയങ്ങി.
പിന്നീട് ഉണർന്നപ്പോൾ വീണ്ടും ഞാൻ അക്കങ്ങളുമായി മത്സരം തുടങ്ങി. അപ്പോൾ എനിക്കു മുന്നിൽ അവനും പപ്പയും ഉണ്ടായിരുന്നില്ല. എതിർ സീറ്റിൽ ഒരു മദ്ധ്യവയസ്ക്കൻ ഇല നിവർത്തി ചപ്പാത്തിയിലേക്ക് കുറുമയൊഴിക്കുന്നു. അങ്ങനെയിരിക്കുമ്പോൾ മുകൾ ബെർത്തിൽ നിന്നും രണ്ടു കൊച്ചു കാലുകൾ താഴേക്കു വന്നു. നമ്മുടെ നായകനാണ്. ജനലിൽ ചവിട്ടി താഴെയിറങ്ങാനുള്ള ശ്രമമാണ്. ഞാനവനെപ്പിടിച്ച് താഴെയിറക്കി അവൻ പോയി മൂത്രമൊഴിച്ചു വന്നു. എനിക്കെതിർവശത്തിരുന്ന അവന്റെ പപ്പയുടെ സീറ്റിലാണ് നമ്മുടെ മദ്ധ്യവയസ്ക്കൻ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നത്. ജനൽ സീറ്റ് പോയതിൽ വിഷണ്ണനായ അവനെ ഞാൻ എന്റെ അടുത്തിരുത്തി. ഞാൻ കളിക്കുന്നത് അവൻ ആകാംഷയോടെ നോക്കിയിരുന്നു.
'' എവിടേക്കാ പോകുന്നേ" ?
"തിരുവനന്തപുരത്തിനു പോകുവാ. ആൻറിടെ വീട്ടിലോട്ട്.. " കോട്ടയം ചുവയുള്ള മറുപടി. പേര് ഐവിൻ. കണ്ണൂർ, കുടിയാൻമലയിൽ ആണ് അവന്റെ വീട്. മൂന്നാം ക്ലാസിൽ പഠിക്കുന്നു. അവനെക്കൂടാതെ അനിയനും അനിയത്തിയും ഉണ്ട്. പപ്പയ്ക്ക് ഇന്റർലോക്ക് കട്ടയുടെ പണിയാണ്...
ഞങ്ങൾ തമ്മിൽ ഒരു സൗഹൃദം വളരുകയായിരുന്നു..
മൈാബൈലിലെ ക്രിക്കറ്റ് ഗെയിം ഞാനവനു കളിക്കാൻ കൊടുത്തു. അൽപ നേരം കൊണ്ട് അവൻ കളിയിൽ വിധഗ്ധനായി. അവന്റെ പിതാവ് മുകളിലെ ബർത്തിൽ ഗാഢനിദ്രയിലായിരുന്നു.
പിന്നീട് ഏതോ സ്റ്റേഷനിൽ വണ്ടി സിഗ്നൽ കാത്തു കിടക്കുമ്പോൾ  ഒരു സ്വകാര്യം പോലെ അവൻ എൻറെ കാതിൽ മന്ത്രിച്ചു.
"തിരുവനന്തപുരത്ത്  ആന്റിയുടെ വീട്ടിൽ പോകുവാ എന്ന് ഞാൻ ചേട്ടായിയോടു കള്ളം പറഞ്ഞതാ.. " എന്നെ വിശ്വസിക്കാൻ കൊള്ളാമെന്നവനു തോന്നിയിരിക്കണം.
ഞാൻ അവനിലേക്ക് ചാഞ്ഞ് ബാക്കി കേൾക്കാൻ തയ്യാറായി.
"ഞങ്ങളവിടെ ചെക്കപ്പിനു പോകുവാ, അസീസിയിലോട്ട്... "
എന്റെ ഉള്ളിലാകെ ഒരു കാർമേഘം വന്നു മൂടി..
ആർക്കാടാ ചെക്കപ്പെന്നു ചോദിച്ചപ്പോൾ അവൻ പറഞ്ഞു, തനിക്കു തന്നെയാണെന്ന്..
ഒരു നിമിഷം മരണത്തോട് ചേർന്നിരിക്കുന്നത് പോലെയാണ് എനിക്കു തോന്നിയത്...
      അത് അസീസിയല്ല ആർ.സി.സിയാണെന്ന് (റീജനൽ ക്യാൻസർ സെന്റർ) എനിക്കു മനസ്സിലായി. സന്ദർഭം ലഘൂകരിക്കാൻ ഒരു ചിരി വരുത്തി ഏതോ നിസ്സാര കാര്യം തിരക്കുന്നതു പോലെ ഞാനവനോടു ചോദിച്ചു.
" അതിനു നിനക്കെന്താടാ അസുഖമെന്ന്..."
അവൻ പതുക്കെ എന്നോട് ചേർന്നിരുന്നു കൊണ്ട് ചുറ്റും നോക്കി. എന്നിട്ട് ഒരു പുഞ്ചിരിയോടെ എന്റെ ചെവിയിൽ പറഞ്ഞു..
"എനിക്കേ.. ബ്ലഡ് കാൻസറാ.."
ഉരുണ്ടുകൂടിയ കാർമേഘങ്ങൾക്കുമേൽ ഒരു വെള്ളിടി വെട്ടി...
സഹതാപത്തിന്റെ ഒരു നോട്ടം കൊണ്ടു പോലും അവനെ വേദനിപ്പിക്കരുതെന്ന് ഞാൻ എന്നോടു തന്നെ പറഞ്ഞു. ഉള്ളിൽ പൊള്ളിക്കൊണ്ട് ഞാനവനെ നോക്കി ചിരിച്ചു... "അത്രേയുള്ളോ... ദിദൊക്കെ എന്ത്..." സലിം കുമാർ സ്മൈലിയുമിട്ട് ഞാനവനെ എന്നിലേക്ക് ചേർത്തു. കീമോതെറാപ്പി കഴിഞ്ഞിരുന്നു. ഞണ്ടുകളുമായുള്ള പോരാട്ടത്തിന്റെ അവസ്ഥാന്തരങ്ങൾ വിലയിരുത്തുവാനാണ് ഈ യാത്ര.. ഫലം ശുഭകരമായിരിക്കട്ടെ എന്നു ഞാൻ പ്രാർത്ഥിച്ചു.

കുറേ നേരമായി എവിടെയോ ഒരു ഫോൺ അടിക്കുന്നുണ്ട്. ഞങ്ങളുടെ രണ്ടു പേരുടെയും ഗവേഷണത്തിനൊടുവിൽ അത് മുകളിൽ കിടന്നുറങ്ങുന്ന അവന്റെ പപ്പയുടേതാണെന്ന് കണ്ടെത്തി. അവൻ മുകളിൽ കയറി കുറേ വിളിച്ചെങ്കിലും അയാളുണർന്നില്ല. അവസാനം അവൻ അയാളുടെ പോക്കറ്റിലെ ഫോണുമായി താഴെയിറങ്ങി വന്നു. 
  അതിൽ നാല് മിസ്സ്ഡ് കോൾ ഉണ്ടായിരുന്നു. അവന്റെ അമ്മയാണ്. ഞാനവനെക്കൊണ്ട് തിരിച്ചു വിളിപ്പിച്ചു. പപ്പ മുകളിലുറങ്ങുവാണെന്നും അവൻ താഴെയിരിക്കുവാണെന്നും അവൻ ഫോണിലൂടെ പറഞ്ഞു. കൂടാതെ ഗെയിം കളിച്ചു കൊണ്ടിരിക്കുന്നതിനെപ്പറ്റിയും, എന്നെപ്പറ്റിയും ഒക്കെ വിസ്തരിക്കുന്നുണ്ട് കൂട്ടത്തിൽ. അതിനിടയിൽ മമ്മി പേടിക്കേണ്ടെന്ന് പറഞ്ഞു സമാധാനിപ്പിക്കുന്നുമുണ്ടായിരുന്നു അവൻ. ചില സമയങ്ങളിൽ ആ മൂന്നാം ക്ലാസുകാരന്റെ പക്വത എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടേയിരുന്നു.

   തീവണ്ടി കിതച്ചു കൊണ്ട് പിന്നേയും യാത്ര തുടർന്നു. ഞാനവന്റെ ചിന്തകളെ ഭാവിയിലേക്കു വഴിതിരിച്ചുവിട്ടു. കല്യാണം കഴിക്കാൻ അവനാഗ്രഹമില്ല. അവനൊരു വൈദികനാവണം. അവനു വയ്യായ്ക ആയതു കൊണ്ട് ഇക്കൊല്ലം തന്നെ ആദ്യകുർബ്ബാന സ്വീകരിക്കുവാൻ വേദപാഠക്ലാസിൽ അവനെ മൂന്നിൽ നിന്നും നാലിലേക്കു കയറ്റിയിരുത്തിയെന്നവൻ പറഞ്ഞപ്പോൾ, ആദ്ധ്യാപകർക്ക് ഞാൻ ഹൃദയത്തിൽ നന്ദി പറഞ്ഞു. "മനുഷ്യൻ സാമ്പത്തിനു വേണ്ടിയല്ല, സാബത്ത് മനുഷ്യനു വേണ്ടിയത്രേ " എന്നരുളിയവൻ മുകളിൽ പുഞ്ചിരി തൂകിയിരിക്കണം. 

    കളി ചിരികൾക്കിടയിൽ ട്രെയിൻ ഷൊർണ്ണൂരെത്താറായി. അവൻ മുകളിലേക്കു കയറാനൊരുങ്ങി. ചോദിച്ചപ്പോൾ ചെറുക്കനൊരു പരുങ്ങൽ. ഞാൻ നിർബന്ധിച്ചപ്പോൾ തെല്ലു നാണത്തോടെ അവനെന്റെ ചെവിയിൽ കാര്യം പറഞ്ഞു, അവനു ടൊയ്ലെറ്റിൽ പോണം. മുകളിലേക്കു കയറി ഏറെ നേരത്തിനു ശേഷം അവൻ താഴെയിറങ്ങി. "ചേട്ടായീ പപ്പ എണീക്കുന്നില്ല." ഞാൻ എഴുന്നേറ്റ് കുലുക്കി വിളിച്ചപ്പോൾ അയാൾ എഴുന്നേറ്റു. വാടിയ മുഖവും കുഴിഞ്ഞ കണ്ണുകളുമുള്ള ഒരു മനുഷ്യൻ. അവർ രണ്ടാളും കൂടി ടൊയ്ലറ്റിൽ പോയി.
വണ്ടി ഷൊർണ്ണൂരിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. ഒന്നുനടുനിവർത്താനായി ഞാനും പുറത്തേക്കിറങ്ങി. വാതിലിനോടു ചേർന്നുള്ള ടോയ്ലെറ്റിനുള്ളിൽ നിന്ന് അവന്റെ ശബ്ദം. ഞാൻ കാതോർത്തു. എന്നെപ്പറ്റിയാണ്...
           ആറു മണിക്കൂറോളം നീണ്ടയാത്ര. എന്നിലുണ്ടായിരുന്ന സ്നേഹത്തിന്റെ അവസാന കണം വരെ ഞാൻ അവനു സമർപ്പിച്ചു. ഒപ്പം എന്റെ കൂളിങ്ങ് ഗ്ലാസും. അവന്റെ മമ്മിയുടെയും പപ്പയുടെയും നമ്പർ എനിക്കു തന്നു.

ഏഴു വർഷത്തോളം കഴിഞ്ഞിരിക്കുന്നു. അവനിപ്പോൾ പത്താം ക്ലാസ്സിലേക്കു പോകാനുള്ള തയ്യാറെടുപ്പിലായിരിക്കണം. അങ്ങനെ വിശ്വസിക്കാനാണ് എനിക്കിഷ്ടം. പല തവണ ആ നമ്പർ ഡയൽ ചെയ്തതാണ്. ഓരോ പ്രാവശ്യവുമൊടുവിൽ ഞാൻ അതു വേണ്ടെന്നു വയ്ക്കും. അപ്പുറത്തു നിന്നുള്ള ഒരു പൊട്ടിക്കരച്ചിലോ, ഒരു നെടുവീർപ്പോ പോലും എന്റെ ഹൃദയം തകർക്കും. വടക്കാഞ്ചേരി സ്റ്റേഷനിൽ നിന്നും ട്രെയിൻ വിട്ടു പോകുമ്പോൾ, കണ്ണിൽ നിന്നും മറയുന്നതു വരെ, ജനലിലൂടെ പുറത്തേക്കു നീട്ടി വീശിയിരുന്ന ആ കുഞ്ഞുകൈകളും, ചേട്ടായീ എന്നുള്ള അവന്റെ വിളിയും, ഇന്നും നിറം മങ്ങാത്ത ഓർമ്മകളാണ്.

1 അഭിപ്രായം: