2018, ഏപ്രിൽ 23, തിങ്കളാഴ്‌ച

കുതിരകളെ മേയ്ക്കുന്ന പെൺകുട്ടി

ഞാനൊരു ചിത്രം വരയ്ക്കുകയായിരുന്നു...
മഞ്ഞു പെയ്യുന്ന താഴ്‌വരയിൽ കുതിരകളെ മേയ്ക്കുന്ന,
ഒരു കൊച്ചു പെൺകുട്ടി.
ഇനിയും പൊഴിഞ്ഞിട്ടില്ലാത്ത പാൽ പല്ലുകൾ കാട്ടി,
അവൾ കുതിരകളോട് കൊഞ്ചുന്നു.
അവളുടെ കുതിരകൾക്കെല്ലാം പേരുകൾ ഉണ്ടായിരുന്നു...

ഇതെല്ലാം കണ്ടു കൊണ്ട്,
ചിത്രത്തിന്റെ ഇരുണ്ട കോണിൽ നിൽക്കുന്ന ദൈവം...
വെളുത്ത ദൈവം, അല്ല ഇരുണ്ട ദൈവം... അല്ല, അല്ല ...
കറുത്ത ദൈവം !!!
അസൂയ പൂണ്ട് കറുത്ത് വികൃതനായ ദൈവം..
അവൻ ആ ചിത്രം മായ്ക്കുകയായിരുന്നില്ല ചെയ്തത്.
പകരം, കറുപ്പ് കോരിയൊഴിച്ചു.

അവൾക്കു ചുറ്റും കുതിരകളെ കാണാതായി...
മഞ്ഞു പെയ്ത താഴ് വാരം കാണാതായി..
അവളുടെ ചുണ്ടിൽ ചിരി മാഞ്ഞു..
നിലവിളിക്കാൻ പോലുമാകാതെ ചുവപ്പു പടർന്നൊഴുകി..
നിലവിളി ഉയർത്താതെ, പിടച്ചിലുകൾ അറിയാതെ,
കറുപ്പ് അവൾക്കു ചുറ്റും കോട്ട കെട്ടി...

ചിത്രം പൂർത്തിയായി..
ചുറ്റും കറുപ്പു മാത്രം..
കന്നിമൂലയിലിരുന്ന്, കറുത്ത ദംഷ്ട്രകൾ കാട്ടിച്ചിരിക്കുന്ന, ദൈവം മാത്രം -
തെളിഞ്ഞു നിന്നു..

ആ കറുപ്പിനിടയിലെവിടെയോ അവളുടെ കുതിരകൾ,
അവളെക്കാണാതെ അലഞ്ഞുതിരിഞ്ഞു...
ഒരു വലിയ നിലവിളി, ആ താഴ് വരയിൽ ഒഴുകി നടന്നു..
നിലയ്ക്കാതെ.....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ