2018, ഏപ്രിൽ 23, തിങ്കളാഴ്‌ച

കേൾക്കാൻ ചെകിടുള്ളവൻ കേൾക്കട്ടെ

       സുസുസുധി വാത്മീകം എന്ന സിനിമയിൽ ശിവദയോട് ജയസൂര്യ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. "താരാസമീൻപർ" എന്ന പോലെയുള്ള പടമാക്കെ, കുട്ടികളുടെ അല്ലെങ്കിൽ കുട്ടികൾക്കിഷ്ടപ്പെടുന്ന സിനിമയാണെന്ന് എങ്ങനെയാണ് നമുക്ക് പറയാനാകുക?  കുട്ടികൾക്കിഷ്ടപ്പെട്ടതാണെന്ന്, കുട്ടികളെ പ്രമേയമാക്കുന്നതു കൊണ്ട് നാം ധരിച്ചുവശാകുന്നു എന്നതല്ലേ സത്യം?
  അല്ലെങ്കിൽ തന്നെ ഏതൊരു കുട്ടിയും അത്തരം സിനിമകൾ മുഴുവനായി ആസ്വദിക്കുന്നില്ലെന്ന് ശ്രദ്ധിച്ചു നിരീക്ഷിച്ചാൽ നമുക്കു മനസ്സിലാകും. സത്യത്തിൽ കുട്ടികൾക്കു വേണ്ടിയല്ല, അവരെ തിരിച്ചറിയാൻ രക്ഷിതാക്കളിലേക്കു തിരിക്കുന്ന കണ്ണാടികളാണ് അത്തരം സിനിമകൾ.
   ഇതു പോലെത്തന്നെയാണു പലരും. മറ്റുള്ളവർക്ക്, നാം കരുതുന്നതാണ് ആവശ്യമെന്ന് തെറ്റിദ്ധരിച്ച് അടിച്ചേൽപ്പിക്കുവാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് ഒരോരുത്തരും. സത്യത്തിൽ അവർ അത് ആസ്വദിക്കുന്നുണ്ടോ എന്നോ, അത് അവർക്ക് ആവശ്യമുള്ളതാണോ എന്നോ, നാം ചിന്തിക്കാൻ മിനക്കെടാറില്ല. യഥാർത്ഥത്തിൽ, നമുക്കാവശ്യമുള്ളതോ, ആഗ്രഹമുള്ളതോ ആയ കാര്യങ്ങളാണ് നാം അവരിൽ അടിച്ചേൽപ്പിക്കുന്നത് എന്നതല്ലേ പരമാർത്ഥം? എന്നിട്ടോ.. അതു സമ്മതിക്കാനായ് വീർപ്പുമുട്ടുന്ന അവരെ നോക്കി കൊഞ്ഞനം കുത്തുവാനും, അവരെ ബുദ്ധിയില്ലാത്തവരായി ചിത്രീകരിക്കുവാനും ശ്രമിക്കുമ്പോൾ, മന്ദബുദ്ധികളാകുന്നത് നാം തന്നെയാണെന്നത്, നാം സൗകര്യപൂർവ്വം മറന്നുപോകുന്നു.
     ഓരോ മനുഷ്യനും ഓരോ കാര്യങ്ങൾ നോക്കിക്കാണുന്നത് വ്യത്യസ്തമായ സാഹചര്യങ്ങളിൽ നിന്നാണ്. ചൂടുവെള്ളത്തിൽ വീണ പൂച്ച, വെള്ളം കാണും പോലെയല്ല, പച്ചവെളത്തിൽ മാത്രം വീണ പൂച്ച വെള്ളത്തെ കാണുന്നത്.. പറഞ്ഞു കൊണ്ടിരിക്കുന്നതിനേക്കാൾ ശ്രമകരമാണ്, കേൾക്കാനിരിക്കുക എന്നത്.
      ശ്രമിക്കാം നമുക്ക്, ചുറ്റുമുള്ളവർക്കായി കാതുകൾ തുറന്നു വയ്ക്കാൻ..
അവരെ പറയാൻ അനുവദിക്കുക.. ഒരു നല്ല ശ്രോതാവാകുക....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ